വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ പ്രസിഡന്റ് പദവിയുടെ അധികാരാതിർത്തികളെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ കടുത്ത വിമർശനങ്ങളെയും വിധിയെയും പൂർണമായും തള്ളിക്കൊണ്ട് ഡൊണാൾഡ് ട്രംപിന്റെ വജ്രായുധം. കോടതി വിധി വന്ന് മണിക്കൂറുകൾക്കകം, വിദേശ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും പത്ത് ശതമാനം ആഗോള നികുതി ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു.

പ്രസിഡന്റിന്റെ അടിയന്തരാധികാരം ഉപയോഗിച്ച് നികുതി ചുമത്തുന്നത് നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീംകോടതി 6-3 ഭൂരിപക്ഷത്തിൽ വിധിച്ചിരുന്നു. നികുതി തീരുമാനിക്കാനുള്ള അധികാരം ജനപ്രതിനിധി സഭയ്ക്കാണെന്നും പ്രസിഡന്റിന് ഇതിൽ പരമാധികാരമില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
എന്നാൽ, ഈ വിധിയെ ‘അസംബന്ധം’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ഭരണഘടനയിലെ മറ്റൊരു നിയമപ്പഴുത് ഉപയോഗിച്ച് കോടതിയെ വെല്ലുവിളിച്ചിരിക്കുകയാണ്.

കോടതി റദ്ദാക്കിയ പഴയ നിയമത്തിന് പകരം, 1974-ലെ ട്രേഡ് ആക്റ്റിലെ സെക്ഷൻ 122 ആണ് ട്രംപ് ഇപ്പോൾ പുറത്തെടുത്തിരിക്കുന്നത്. രാജ്യത്തിന്റെ വ്യാപാരക്കമ്മി പരിഹരിക്കാൻ 150 ദിവസത്തേക്ക് 15% വരെ നികുതി ചുമത്താൻ ഈ നിയമം പ്രസിഡന്റിന് അധികാരം നൽകുന്നുണ്ട്. കോടതിയുടെ തടസങ്ങളെ മറികടക്കാൻ ഈ ‘താത്കാലിക അധികാരം’ ഉപയോഗിക്കാനാണ് ട്രംപിന്റെ നീക്കം.

