തിരുവനന്തപുരം:സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം. ബഷീറിനെ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തിയ നരഹത്യാ കേസിൽ വിചാരണ ഏപ്രിൽ 16-ന് തുടങ്ങുമെന്ന് കോടതി. കേസിൽ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനാണ് വിചാരണ നേരിടുന്നത്. തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിചാരണ നടത്തുന്നത്.

വിചാരണയ്ക്കായി മൂന്ന് സാക്ഷികളോട് ഏപ്രിൽ 16-ന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരം സാക്ഷികൾക്ക് നോട്ടീസ് നൽകും. ഏപ്രിൽ 16 മുതൽ മെയ് 22 വരെയായി 100 സാക്ഷികളെ വിസ്തരിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അതേസമയം, പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഇന്നലെ കോടതിയിൽ ഹാജരായിരുന്നില്ല. വിചാരണയ്ക്ക് മുന്നോടിയായി പ്രതിക്കുമേൽ കോടതി കഴിഞ്ഞ ഓഗസ്റ്റിൽ നരഹത്യാ കുറ്റം ചുമത്തിയിരുന്നു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകളായ 279 (അശ്രദ്ധമായും ഉദാസീനമായും മനുഷ്യജീവന് ആപത്ത് വരത്തക്കവിധം പൊതുനിരത്തിൽ വാഹനമോടിക്കൽ), 304 (II) (തന്റെ പ്രവൃത്തിയാൽ മറ്റൊരാൾക്ക് മരണം സംഭവിക്കുമെന്ന അറിവോടെയുള്ള കുറ്റകരമായ നരഹത്യ), 201 (കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാനായി തെളിവുകൾ അപ്രത്യക്ഷമാക്കൽ, കളവായ വിവരം നൽകൽ), മോട്ടോർ വാഹന നിയമത്തിലെ വകുപ്പായ 184 (മനുഷ്യജീവന് ആപത്ത് വരത്തക്കവിധം അപകടകരമായ രീതിയിൽ വാഹനമോടിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് വിചാരണയ്ക്ക് മുന്നോടിയായി പ്രതിക്കുമേൽ ചുമത്തിയത്. പ്രതി കുറ്റം ചെയ്തതായി അനുമാനിക്കാൻ പ്രഥമദൃഷ്ട്യാ തെളിവുകൾ കോടതി മുമ്പാകെ ഉള്ളതായി കുറ്റം ചുമത്തൽ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, പ്രതിയുടെ രക്തസാമ്പിൾ എടുക്കാൻ വൈകിയതിനാലും രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താനാവാത്തതിനാലും, മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റത്തിന് തെളിവില്ലാത്തതിനാൽ മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 185 പ്രതിക്കുമേൽ ചുമത്താനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ തനിക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാനരഹിതമാണെന്ന പ്രതിയുടെ വാദം കോടതി തള്ളി. പ്രതി കൃത്യം ചെയ്തതായി അനുമാനിക്കാവുന്ന വായ്മൊഴിയാലുള്ളതും രേഖാമൂലമുള്ളതുമായ വസ്തുതാപരമായ തെളിവുകളുണ്ടെന്നും പ്രതി വിചാരണ നേരിടണമെന്നും കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.

വിചാരണ കൂടാതെ കുറ്റവിമുക്തനാക്കി വിട്ടയക്കാൻ അടിസ്ഥാനമില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതിനിടെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് റിവിഷൻ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ച ശ്രീറാമിന് അവിടെനിന്നും കനത്ത തിരിച്ചടിയുണ്ടായ സാഹചര്യത്തിലാണ് പ്രതിയെ വിചാരണയ്ക്കായി കോടതി വിളിച്ചുവരുത്തിയത്. 2023 ഓഗസ്റ്റ് 25-നാണ് ശ്രീറാം വിചാരണ നേരിടാൻ സുപ്രീം കോടതി ഉത്തരവിട്ടത്. നരഹത്യാ കേസ് നിലനിൽക്കില്ലെന്ന വാദം സുപ്രീംകോടതി തള്ളി. സമാനമായ നിലപാട് നേരത്തെ ഹൈക്കോടതിയും സ്വീകരിച്ചിരുന്നു. തനിക്കെതിരായി ചുമത്തിയ നരഹത്യാക്കുറ്റം നിലനിൽക്കില്ലെന്നായിരുന്നു ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ വാദം. എന്നാൽ ഇത് അംഗീകരിക്കാൻ സുപ്രീംകോടതി തയ്യാറായിരുന്നില്ല.
