യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രി വീണാ ജോർജിന്റെ വീട്ടിൽ ചാടിക്കയറി റീത്ത് വെച്ചത് അത്യന്തം ഗുരുതരമാണെന്ന് മന്ത്രി വി ശിവൻകുട്ടി. ആരോഗ്യമന്ത്രിയെ ഒറ്റപ്പെടുത്തി വിരട്ടാം എന്ന് നോക്കേണ്ട എന്നും മന്ത്രി പറഞ്ഞു.

പുകമറ സൃഷ്ടിക്കാനാണ് യൂത്ത് കോൺഗ്രസ് സമരം നടത്തുന്നത്. പ്രതിപക്ഷ നേതാവ് അറിഞ്ഞു കൊണ്ടാണ് യൂത്ത് കോൺഗ്രസ് ആക്രമണം നടത്തിയത് എന്നും മന്ത്രി പറഞ്ഞു.
പ്രശ്നമുണ്ടെങ്കിൽ പ്രശ്നം ചർച്ച ചെയ്യാം. കേരളത്തിൽ സാമാന്യം മെച്ചപ്പെട്ട നിലയിൽ ആരോഗ്യവകുപ്പ് പ്രവർത്തനം നടത്തിവരികയാണ്.
ഈ വിരട്ട് സമരം ഉപേക്ഷിക്കുന്നതായിരിക്കും യൂത്ത് കോൺഗ്രസിന് നല്ലത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, മന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിക്ക് നേരെ ഉണ്ടായ ആക്രമണം സ്ത്രീത്വത്തിനെതിരെയുള്ള അധിക്ഷേപമാണ് എന്ന് പി കെ ശ്രീമതി ടീച്ചർ പറഞ്ഞു. യൂത്ത് കോൺഗ്രസ് ഇതിന് മാപ്പ് പറയണം. ആരോഗ്യമന്ത്രിയുടെ വീട്ടിൽ നടന്നത് അത്യന്തം ഹീനമായ പ്രവൃത്തിയാണ്. നിന്ദ്യവും നീചവുമായ പ്രതിഷേധ സമരമാണ് യൂത്ത് കോൺഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. വീണാ ജോർജിനെ എല്ലാതരത്തിലും കോൺഗ്രസ് അധിക്ഷേപിക്കുകയാണ്. സംസ്കാര ശൂന്യമായിട്ടുള്ള സമരമാണ് നടന്നത് എന്നും അവർ കൂട്ടിച്ചേർത്തു.

