തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഡിഎ അനുവദിച്ചത് സംബന്ധിച്ച് മുഖ്യമ്രന്തിയുടെ ഓഫീസിൽ നിന്നുള്ള സന്ദേശം നിയമവിരുദ്ധമെന്ന വാദമുയരുന്നു. കേരള സർക്കാരിലെ ജീവനക്കാരുടെ ശമ്പളം, സർവീസ് കാര്യങ്ങൾ, പെൻഷൻ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള കേന്ദ്രീകൃത വെബ് അധിഷ്ഠിത സംവിധാനമായ സ്പാർക്കിൽ (SPARK Service and Payroll Administrative Repository for Kerala) നിന്നും മുഖ്യമ്രന്തിയുടെ ഓഫീസിന് വിവരങ്ങൾ ശേഖരിക്കാനാവില്ലെന്ന വാദമാണ് ഉയരുന്നത്. ഇത് തെരഞ്ഞെടുപ്പ് പ്രചാരണമാണെന്ന വാദവും പ്രതിപക്ഷ തൊഴിലാളി സംഘടനകൾ ഉയർത്തുന്നുണ്ട്.

സർക്കാർ ജീവനക്കാർ, അധ്യാപകർ എന്നിവർക്ക് പുറമേ ക്ഷേമപെൻഷൻ ലഭിക്കുന്നവർ, സ്ത്രീസുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കൾ, സംരംഭകർ എന്നിവർക്കാണ് മുഖ്യമന്ത്രിയുടെ സന്ദേശമെത്തിയിട്ടുള്ളത്.
ഇവരുടെയൊക്കെ ഫോൺ നമ്പർ അടക്കമുള്ള സ്വകാര്യ വിവരങ്ങൾ മുഖ്യമ്രന്തിയുടെ ഓഫീസിലേക്ക് എന്തിന്, എങ്ങനെ കൈമാറി എന്നതിൽ വ്യക്തതയില്ല. ജീവനക്കാരുടേത് ഉൾപ്പെടെ സന്ദേശം ലഭിച്ച ആരുടെയും സമ്മതം വാങ്ങതെയാണ് അവരുടെ ഫോൺ നമ്പർ അടക്കമെടുത്തതെന്ന വാദവും ഉയരുന്നുണ്ട്.

ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് നടന്ന് സ്പ്രിങ്കളർ കേസിലെ ഹൈക്കോടതി വിധിയിൽ സംസ്ഥാനത്തെ പൗരൻമാരുടെ ഡേറ്റ എടുത്ത് ഉപയോഗിക്കുന്നതിന് മുമ്പ് അവരെ അറിയിക്കണമെന്ന നിർദ്ദേശം സർക്കാരിന് കോടതി നൽകിയിട്ടുണ്ട്. അതിൻ്റെകൂടി അടിസ്ഥാനത്തിൽ ഡേറ്റ എടുക്കുമ്പോൾ ഓരോരുത്തരെയും അറിയിക്കണമെന്ന ഉത്തരവാദിത്വവും സർക്കാരിനുണ്ട്. എന്നാൽ ഇത് പാലിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ വിഷയത്തിൽ ഡേറ്റ ദുരുപയോഗം ചെയ്തുവെന്ന വാദം ശക്തിപ്പെടുകയാണ്.

