കോട്ടയം: ബാറുകളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കാനുള്ള തീരുമാനത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് കെസിബിസി മദ്യവിരുദ്ധ സമിതി. ബാറുകളുടെ സമയം വർദ്ധിപ്പിച്ചത് ആശങ്കയോടെയാണ് കാണുന്നതതെന്നും ഇത് പൊതുസമൂഹത്തിന് വലിയ ഭീഷണിയായി മാറുന്നുവെന്നും ബസേലിയസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു.

ക്രൈസ്തവർ മാത്രമല്ല എല്ലാ മതങ്ങളും ഇതിനെതിരെ ശബ്ദമുയർത്തണം. മദ്യം സുലഭമായി ലഭിക്കുമ്പോൾ അക്രമവും അനീതിയും വർധിക്കും. മദ്യം വിറ്റ് ലഭിക്കുന്ന പണം കൊണ്ട് സർക്കാർ അനാവശ്യമായി ആഗോള സംഗമങ്ങൾ നടത്തുന്നുവെന്നും കത്തോലിക്ക ബാവ പറഞ്ഞു.
മദ്യത്തിൽ നിന്നും 1850 കോടി രൂപ അധിക വരുമാനം ലഭിക്കുന്നുണ്ട്. ഈ പണം ധൂർത്തടിച്ച് ആഗോള സമ്മേളനങ്ങൾ നടത്തി പ്രതിച്ഛായ വർദ്ധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഉദ്യോഗസ്ഥർ ഇതൊന്നും ചോദ്യം ചെയ്യാതിരിക്കാൻ അവർക്ക് ഡി എ കൂട്ടിക്കൊടുക്കുന്നുവെന്നും കത്തോലിക്ക ബാവ പറഞ്ഞു.

ബാറുകളുടെ സമയം ദീർഘിപ്പിച്ച തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ഹർജി നൽകും. മദ്യ നയത്തിനെതിരെ എല്ലാ മത സമുദായങ്ങളെയും ചേർത്തുകൊണ്ടുള്ള നീക്കത്തിന് ശ്രമിക്കുമെന്നും മുന്നണി നേതൃത്വങ്ങൾക്കും നിവേദനം നൽകുമെന്നും മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള പറഞ്ഞു.

