കേരളത്തിന്റെ മലയോര ടൂറിസത്തിന് പുത്തൻ ഉണർവേകി, പ്രശസ്ത ഫിറ്റ്നസ് താരം മിലിന്ദ് സോമൻ നയിക്കുന്ന ‘ഹിൽ ഹൈവേ റണ്ണിന്’ തുടക്കം . കിഫ്ബിയുടെ (KIIFB) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഗാ മാരത്തണിന് കുട്ടിക്കാനം മരിയന്‍ കോളേജ് ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്റ്റിന് ഫ്ളാഗ് ഓഫ് നിർവഹിച്ചു. കേരളത്തിന്റെ പ്രകൃതിഭംഗിയും പുതുതായി നിർമ്മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള പാതകളും ലോകശ്രദ്ധയിൽ എത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.

ഏകദേശം 235 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനികമായ ഈ ഹൈവേ കിഫ്ബി നിർമ്മിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദവും പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതുമായ FDR (Full Depth Reclamation) സാങ്കേതികവിദ്യയാണ് ഈ റോഡിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 1,332 കിലോമീറ്ററിൽ പശ്ചിമഘട്ടത്തെ ബന്ധിപ്പിക്കുന്ന ഈ മലയോര ഹൈവേ സഞ്ചാരികളുടെ പ്രിയപ്പെട്ട ‘സ്പൈസ് റൂട്ട്’ കൂടിയാണ്.
ഓരോ 50 കിലോമീറ്ററിലും വിശ്രമകേന്ദ്രങ്ങൾ, മികച്ച ഡ്രെയിനേജ് സംവിധാനം, വൈദ്യുതി-ഇന്റർനെറ്റ് കേബിളുകൾക്കായി പ്രത്യേക യൂട്ടിലിറ്റി ഡക്റ്റുകൾ എന്നിവ ഈ പാതയുടെ പ്രത്യേകതകളാണ്.

മിലിന്ദ് സോമനൊപ്പം കിഫ്ബി സി.ഇ.ഒ ഡോ. കെ.എം. അബ്രഹാമും ഈ മാരത്തണിൽ പങ്കുചേരുന്നുണ്ട്. പരിപാടിയുടെ പ്രചാരണാർത്ഥം മിലിന്ദ് പുറത്തിറക്കിയ ‘എന്നാൽ വാ…’ എന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയുള്ള ആദ്യ ഘട്ടത്തിന് ശേഷം കട്ടപ്പന മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് മാരത്തൺ സമാപിക്കുന്നത്.

