കോഴിക്കോട്: കേരള സ്റ്റോറി 2 സിനിമയ്ക്കെതിരെ എസ്എഫ്ഐ നടത്തിയ ബീഫ് ഫെസ്റ്റിനെതിരെ മുസ്ലിം ലീഗും. പ്രകോപന സമരമുറയാണിതെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ബീഫ് ഫെസ്റ്റിനെ എതിര്‍ത്ത എംഎസ്എഫ് നിലപാടിനെ പി എം എ സലാം പിന്തുണച്ചു. ആര്‍എസ്എസിനെ പോലെ ധ്രുവീകരണമുണ്ടാക്കാനാണ് സിപിഐഎം ശ്രമമെന്ന് പി എം എ സലാം പറഞ്ഞു. മുസ്ലിം വോട്ട് ലക്ഷ്യമിട്ടാണ് നീക്കം. ബീഫും മുസ്ലിം സമുദായവും തമ്മില്‍ ബന്ധമില്ല. കേരള സ്റ്റോറിക്കെതിരെ സര്‍ക്കാര്‍ കോടതിയില്‍ പോകണമെന്നും പി എം എ സലാം ആവശ്യപ്പെട്ടു.

‘ബീഫ് ഏതെങ്കിലും സമുദായത്തിന്റെയാണോ?. ബീഫും സമുദായവും തമ്മില്‍ എന്താണ് ബന്ധം?. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്നതും ബീഫ് സംസ്കരിക്കുന്ന ഫാക്ടറികളുടെ ഉടമകളും ബിജെപിക്കാരും ആര്‍എസ്എസുകാരും മുസ്ലിങ്ങളുമാണ്. ബീഫും മുസ്ലിങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. ബീഫ് ഫെസ്റ്റ് സാധാരണക്കാരായ മുസ്ലിങ്ങളെ വഞ്ചിക്കാന്‍ സിപിഐഎം സ്വീകരിച്ച നിലപാടാണ്. അതുപോലെയല്ല കേരള സ്റ്റോറി. വിവിധ സമുദായങ്ങളെ തമ്മില്‍ ശസ്ത്രുക്കളാക്കുകയാണ് കേരള സ്റ്റോറി എന്ന സിനിമ ചെയ്യുന്നത്’, പി എം എ സലാം പറഞ്ഞു.
ബീഫ് കഴിക്കാത്ത ആളുകളുണ്ടല്ലോയെന്നും അങ്ങനെയുള്ളവരോട് ബീഫ് കഴിക്കണമെന്ന് ആരും പറയുന്നില്ലെന്നും പി എം എ സലാം പറഞ്ഞു. ബീഫ് ഫെസ്റ്റ് പ്രകോപനപരമാണ്. മുസ്ലിം വോട്ട് കിട്ടാനുള്ള വിലകുറഞ്ഞ രാഷ്ട്രീയക്കളിയാണിത്. അതിനപ്പുറത്തേയ്ക്ക് ഒന്നുമില്ല. ഒരു ഭാഗത്ത് മുസ്ലിങ്ങളെ പീഡിപ്പിക്കുകയും അവരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ബിജെപിയെ സഹായിക്കുകയും ചെയ്യുകയാണ്. മറുവശത്ത് തങ്ങള്‍ മുസ്ലിങ്ങളോടൊപ്പമാണെന്ന് സ്ഥാപിക്കാനാണ് ഇത്തരത്തിലുള്ള രാഷ്ട്രീയ തോന്നിവാസം കാണിക്കുന്നതെന്നും പി എം എ സലാം കുറ്റപ്പെടുത്തി.

അതിനിടെ എസ്എഫ്ഐയുടെ ബീഫ് ഫെസ്റ്റിനെതിരായ നിലപാടില്‍ ഉറച്ച് നില്ക്കുന്നതായി എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫ് പറഞ്ഞു. ബിജെപിയും സിപിഐഎമ്മും വര്‍ഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും ബീഫ് ഫെസ്റ്റിനെ പിന്തുണയ്ക്കുന്നത് എസ്ഡിപിഐയാണെന്നും നജാഫ് പറഞ്ഞു. വിഷയത്തില്‍ ലീഗിനും സമാന നിലപാടാണുള്ളത്. ലീഗ് വിശ്വാസികള്ക്കൊപ്പമായതിനാലാണ് അങ്ങനെ നിലപാട് സ്വീകരിച്ചത്.

വിശ്വാസികളെ ആര്‍എസ്എസിന്റെ ആലയില്‍ കെട്ടരുതെന്നും സി കെ നജാഫ് പറഞ്ഞു. ബീഫ് ഫെസ്റ്റിനെ എതിര്‍ത്ത തന്റെ നിലപാടിന് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല നല്കിയ പിന്തുണയെ സി കെ നജാഫ് തള്ളുകയും ചെയ്തു.
