അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് ദയനീയ തോൽവി. ഇടങ്കയ്യൻ ഫാസ്റ്റ് ബൗളർ മാർക്കോ യാൻസന്റെ (4-22) തകർപ്പൻ ബൗളിംഗിന് മുന്നിൽ പതറിയ ഇന്ത്യയെ 76 റൺസിനാണ് ദക്ഷിണാഫ്രിക്ക തകർത്തത്. 90,954 ആരാധകർ നിറഞ്ഞ സ്റ്റേഡിയത്തിൽ 2023 ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ഒരു ഐസിസി ടൂർണമെന്റില്‍ ഇന്ത്യ വഴങ്ങുന്ന ആദ്യ തോൽവിയാണിത്. 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.5 ഓവറിൽ 111 റൺസെടുത്തു പുറത്തായി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം പാളിയിരുന്നു. വെറും 20 റൺസിനിടെ 3 വിക്കറ്റുകൾ നഷ്ടമായ അവരെ ഡേവിഡ് മില്ലറും (35 പന്തിൽ 63) ഡെവാൾഡ് ബ്രെവിസും (45) ചേർന്നാണ് രക്ഷിച്ചത്.
ഇരുവരും ചേർന്ന് പടുത്തുയർത്തിയ 97 റൺസിന്റെ കൂട്ടുകെട്ട് ഇന്നിംഗ്സിന് അടിത്തറ പാകി. ഒടുവിൽ ട്രിസ്റ്റൻ സ്റ്റബ്സ് പുറത്താകാതെ നേടിയ 44 റൺസ് ദക്ഷിണാഫ്രിക്കയെ 187/7 എന്ന മികച്ച സ്കോറിലെത്തിച്ചു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ (3-15), അർഷ്ദീപ് സിംഗ് (2-28) എന്നിവർ മികച്ച രീതിയിൽ പന്തെറിഞ്ഞെങ്കിലും മറ്റു ബൗളർമാർക്ക് ദക്ഷിണാഫ്രിക്കൻ ആക്രമണത്തെ തടയാനായില്ല.
188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് ഒരിക്കൽ പോലും മത്സരത്തിൽ മേധാവിത്വം നേടാനായില്ല. ക്യാപ്റ്റൻ എയ്ഡൻ മാർക്രം എറിഞ്ഞ ആദ്യ ഓവറിൽ തന്നെ വമ്പൻ ഷോട്ടിന് ശ്രമിച്ച ഇഷാൻ കിഷൻ പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി.

മാർക്കോ യാൻസന് മുന്നിൽ തിലക് വർമ്മയും വീണു. മൂന്ന് ഡക്കുകൾക്ക് ശേഷം എത്തിയ അഭിഷേക് ശർമ്മ (15) ചെറിയൊരു പ്രത്യാക്രമണം നടത്തിയെങ്കിലും യാൻസന്റെ തന്നെ ബോളിൽ കുടുങ്ങി പുറത്തായി. തുടർച്ചയായ വിക്കറ്റ് വീഴ്ച തടയാൻ വാഷിംഗ്ടൺ സുന്ദറിനെ മുൻനിരയിലേക്ക് അയച്ചെങ്കിലും ആ നീക്കവും പരാജയപ്പെട്ടു. സൂര്യകുമാർ യാദവും വീണതോടെ ഇന്ത്യ 9.1 ഓവറിൽ 51/5 എന്ന നിലയിലേക്ക് തകർന്നു.

ശിവം ദുബെ (42) പൊരുതി നോക്കിയെങ്കിലും ആവശ്യമായ റൺറേറ്റ് കൈപ്പിടിയിലൊതുക്കാൻ കഴിഞ്ഞില്ല. ഹാർദിക് പാണ്ഡ്യയും റിങ്കു സിംഗും കേശവ് മഹാരാജിന്റെ സ്പിന്നിന് മുന്നിൽ കീഴടങ്ങി. കൃത്യമായ ഇടവേളകളിൽ വേഗതയിൽ വ്യത്യാസം വരുത്തിയും ഗ്രൗണ്ടിന്റെ വലിപ്പം മുതലെടുത്തും പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കൻ ബൗളർമാർ ഇന്ത്യയെ 18.5 ഓവറിൽ 111 റൺസിന് പുറത്താക്കി.
തോൽവിയോടെ ഇന്ത്യയുടെ നെറ്റ് റൺറേറ്റ് -3.8 ആയി കുറഞ്ഞു. സെമി ഫൈനൽ സാധ്യതകൾ നിലനിർത്താൻ സിംബാബ്വെ, വെസ്റ്റ് ഇൻഡീസ് എന്നിവർക്കെതിരായ വരാനിരിക്കുന്ന മത്സരങ്ങൾ ഇന്ത്യക്ക് നിർണ്ണായകമാണ്.
