പതിനെട്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം നിയമസഭ ഇന്ന് വീണ്ടും ചേരും. കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിൽ സഭാസമ്മേളനം പ്രക്ഷുബ്ധമായേക്കുമെന്നാണ് സൂചന. അതേസമയം നേറ്റിവിറ്റി കാർഡ് സംബന്ധിച്ച ബില്ല് ഉൾപ്പെടെ ഈ സഭാ സമ്മേളനത്തിന്റെ പരിഗണനയ്ക്ക് വരും. സഭ നടപടികൾ സ്തംഭിപ്പിച്ചു കൊണ്ടുള്ള പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

കഴിഞ്ഞ ജനുവരി 20ന് ആരംഭിച്ച നിയമസഭ സമ്മേളനം മാർച്ച് 26 വരെയാണുള്ളത്. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി സഭാ നടപടികൾ അലങ്കോലപ്പെടുത്തുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്.
അടിയന്തര പ്രമേയം പോലും അവതരിപ്പിക്കാതെ സഭയിൽ ചർച്ച തടസ്സപ്പെടുത്തുകയായിരുന്നു പ്രതിപക്ഷത്തിന്റെ ലക്ഷ്യം. തുടർന്നും സമാന നടപടികൾ സഭയിൽ കൈക്കൊള്ളാനാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്. ആരോഗ്യവകുപ്പിനും ആരോഗ്യമന്ത്രിക്കും എതിരായ പ്രതിഷേധങ്ങൾ സഭയ്ക്ക് അകത്തേക്ക് കൂടി വ്യാപിപ്പിക്കാനും സാധ്യതയുണ്ട്.

അതേസമയം സംസ്ഥാനത്തെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള ആധികാരിക രേഖയായി ഉപയോഗിക്കാവുന്ന, നേറ്റിവിറ്റി കാര്‍ഡ് സംബന്ധിച്ച ബില്ല് സമ്മേളത്തിൽ നിയമസഭയുടെ പരിഗണനയ്ക്കെത്തും. ബില്ല് അവതരിപ്പിച്ചതിന് പിന്നാലെ സബ്ജക്ട് കമ്മിറ്റി പരിശോധിച്ച് തിരികെ സഭയില്‍ അവതരിപ്പിച്ച് അതിവേഗത്തില്‍ പാസാക്കാനാണ് നീക്കം. ഭരണ- പ്രതിപക്ഷ യുവജന സംഘടനകളുടെ ശക്തമായ സമരപരിപാടികൾ അരങ്ങേറുമെന്നതിനാൽ സുരക്ഷാ സംവിധാനങ്ങൾ പൊലീസ് വർധിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണാർഥമുള്ള പുതുയുഗ യാത്രയിൽ പങ്കെടുക്കുന്നതിനാൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിലെത്തിയേക്കില്ല.

