തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം പുനരാരംഭിച്ച കേരള നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ ശബരിമലയിലെ സ്വർണക്കൊള്ള വിഷയത്തില്‍ സഭ പ്രക്ഷുബ്ധം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ യാത്രയിലായതിനാൽ ഡെപ്യൂട്ടി ലീഡർ കെ. ബാബുവാണ് വിഷയം സഭയിൽ ഉന്നയിച്ചത്.

സ്വർണക്കൊള്ളക്കേസിലെ പ്രതികൾക്ക് കൂട്ടത്തോടെ ജാമ്യം ലഭിച്ചത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, കേസിൽ തന്ത്രിയുടെ വാദങ്ങൾ ഏറ്റുപിടിച്ചാണ് സർക്കാരിനെതിരെ കടന്നാക്രമണം നടത്തിയത്. ശബരിമലയിലെ ആചാരലംഘനത്തിന് കൂട്ടുനിൽക്കാത്തതിനാലാണ് തന്ത്രിയെ കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതെന്ന ഗൗരവകരമായ ആരോപണം പ്രതിപക്ഷം ഉന്നയിച്ചു. സഭയിൽ സർക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം പിന്നീട് സഭ ബഹിഷ്കരിക്കുകയും ചെയ്തു. സോണിയ ഗാന്ധിയും ഉണ്ണികൃഷ്ണന് പോറ്റിയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഭരണപക്ഷം ഉയര്‍ത്തിയാണ് പ്രതിപക്ഷത്തെ നേരിട്ടത്.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നിയമമന്ത്രി പി. രാജീവ് രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾ യഥാർഥത്തിൽ ഹൈക്കോടതിക്ക് എതിരെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവർത്തനങ്ങളിൽ സർക്കാർ ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്നും അന്വേഷണം പൂർണമായും ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

ഈ കേസിൽ തന്ത്രി വാദിയാണോ പ്രതിയാണോ എന്നത് സർക്കാരിനെ ബാധിക്കുന്ന കാര്യമല്ലെന്നും അന്വേഷണ റിപ്പോർട്ടുകൾ സർക്കാരിന് മുന്നിലല്ല എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന്റെ ഇപ്പോഴത്തെ നിലപാട് ബി.ജെ.പി.യുടെ യാത്രയ്ക്ക് വഴി ഒരുക്കുന്നതാണെന്നും മതനിരപേക്ഷ കേരളത്തിന് ഇത്തരം നിലപാടുകൾ അത്യന്തം അപകടകരമാണെന്നും പി. രാജീവ് കൂട്ടിച്ചേർത്തു.

