തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയ്ക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസിൽ പ്രമുഖ സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരെയുള്ള കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. കൻ്റോൺമെൻ്റ് പൊലീസ് സമർപ്പിച്ച കുറ്റപത്രം തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (മൂന്ന്) കോടതിയാണ് അംഗീകരിച്ചത്. കേസിൽ പ്രതിയായ സംവിധായകന് കോടതി വൈകാതെ തന്നെ സമൻസ് അയക്കും.

2025 നവംബർ 6ന് തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്കെ) സ്ക്രീനിങ്ങിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേന ചലച്ചിത്ര പ്രവർത്തകയായ യുവതിയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തുകയും തുടർന്ന് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ യുവതി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരമുള്ള കർശന വ്യവസ്ഥകളാണ് പ്രധാനമായും കോടതി പരിഗണിക്കുക. സ്ത്രീയുടെ സമ്മതമില്ലാതെ അവരോട് ലൈംഗിക ചുവയോടെ പെരുമാറുകയോ അതിക്രമം കാട്ടുകയോ ചെയ്തതിലുള്ള ലൈംഗികാതിക്രമം, വാക്കുകൾ കൊണ്ടോ പ്രവൃത്തികൾ കൊണ്ടോ ഒരു സ്ത്രീയുടെ അന്തസ്സിന് കളങ്കം വരുത്തുന്ന രീതിയിൽ സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ ഗുരുതരമായ ക്രിമിനൽ വകുപ്പുകളാണ് സംവിധായകനെതിരെ ചുമത്തിയിട്ടുള്ളത്.

ഈ കുറ്റങ്ങൾ തെളിയിക്കപ്പെട്ടാൽ പ്രതിക്ക് ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ്. പരാതിക്കാരിയുടെ രഹസ്യമൊഴിയും, സിസിടിവി ദൃശ്യങ്ങൾ, ഹോട്ടൽ രേഖകൾ, ഫോൺ സംഭാഷണങ്ങൾ തുടങ്ങിയ ഡിജിറ്റൽ തെളിവുകളും പൊലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

