ന്യൂഡല്‍ഹി: കേരളത്തിന്റെ പേര് കേരള എന്നതില്‍ നിന്ന് കേരളം എന്നാക്കി മാറ്റാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നല്‍കിയേക്കും. കേരളം നിയമസഭ തെരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് തൊട്ടുമുമ്പുള്ള വമ്പന്‍ തീരുമാനമായിരിക്കും ഇത്. പുതിയ തീരുമാനം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതോടെ ഔദ്യോഗിക രേഖകളില്‍ എല്ലാം ഇനി മുതല്‍ കേരളം എന്നാകും ഉപയോഗിക്കുക.

ഔദ്യോഗിക രേഖകളില്‍ കേരള എന്നത് കേരളം ആക്കാനുള്ള നടപടികള്‍ക്കുള്ള പ്രമയേം നേരത്തെ തന്നെ സംസ്ഥാന നിയമസഭ ഏകകണ്ഠമായി പാസാക്കിയിരുന്നു. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന്മേല് ചില ഭേദഗതികള്‍ പ്രതിപക്ഷം നിര്‍ദ്ദേശിച്ചെങ്കിലും അവ അംഗീകരിക്കപ്പെട്ടില്ല. എങ്കിലും പ്രതിപക്ഷവും പ്രമേയത്തെ അനുകൂലിക്കുകയായിരുന്നു. ഏപ്രിലില്‍ കേരളത്തിലെ 140 മണ്ഡലങ്ങളിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കമ്മീഷന് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഭരണഘടനയുടെ എട്ടാംപട്ടികയിലുള്ള എല്ലാ ഭാഷകളിലും കേരളം എന്ന് മാറ്റണമെന്ന പ്രമേയം 2024ലാണ് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിച്ചത്.

ചില സാങ്കേതിക മാറ്റങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് 2024 ജൂണ്‍ 25ന് രണ്ടാം വട്ടം സംസ്ഥാന നിയമസഭ പ്രമേയം പാസാക്കി. സംസ്ഥാനത്തിന്റെ പേര് മലയാളത്തില്‍ കേരളം എന്നാണെന്നും മുഴുവന്‍ കേരളീയരും ഇങ്ങനെ പേര് മാറ്റണമെന്ന ആവശ്യം സ്വാതന്ത്രലബ്ധി മുതല്‍ ഉന്നയിക്കുന്നതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ തന്ന സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ് എഴുതിയിരിക്കുന്നത്. ഭരണഘടനയുടെ മൂന്നാം അനുച്ഛേദപ്രകാരം ഇതില്‍ ഭേദഗതി വരുത്തി കേരളം എന്നാക്കണമെന്നും എട്ടാം പട്ടികയിലുള്‍പ്പെടുത്തിയിട്ടുള്ള എല്ലാ ഭാഷകളിലും ഇത് കേരളം എന്ന് തന്നെയാക്കണമെന്നും പിണറായി വിജയന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
സേവ തീര്‍ത്ഥയില്‍ നടക്കുന്ന ആദ്യ കേന്ദ്രമന്ത്രിസഭ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. പുതിയ കെട്ടിടത്തില്‍ ഓഫീസ് മാറ്റുന്നതിന് തൊട്ടുമുമ്പ് ഈ മാസം പതിമൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗത്ത് ബ്ലോക്കില്‍ വച്ച് അവസാന മന്ത്രിസഭാ യോഗം നടത്തിയിരുന്നു.
കേരളം എന്ന് പേര് മാറ്റണമെന്ന് കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. ഈ കത്ത് അദ്ദേഹം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ ഭാഷയും സംസ്കാരവും ശക്തിപ്പെടുത്തുന്നതിന് ഒപ്പം നില്ക്കുന്നതില് നന്ദി എന്നും സന്തോഷം എന്നും അദ്ദേഹം അറിയിച്ചിരുന്നു. ബ്രിട്ടീഷുകാര്‍ കൊണ്ടു വന്ന കേരള എന്ന പേര് കേരളം എന്നാക്കുന്നതിലൂടെ യഥാര്‍ത്ഥ പേര് പുനഃസ്ഥാപിക്കുകയാണ്.
