എറണാകുളം: നഗരമധ്യത്തിലെ കായലിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. എറണാകുളം മറൈൻ ഡ്രൈവിന് സമീപമാണ് പൂർണവളർച്ചയെത്താത്ത പെൺകുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. പൊക്കിൾക്കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലുള്ള കുഞ്ഞിൻ്റെ തലയിൽ മുറിവേറ്റ പാടുകളുണ്ടെന്നാണ് പൊലീസിൽനിന്നുള്ള പ്രാഥമിക വിവരം.

ചൊവ്വാഴ്ച രാവിലെ മറൈൻ ഡ്രൈവിൽ പ്രഭാതസവാരിക്കിറങ്ങിയവരും ബോട്ട് യാത്രക്കാരുമാണ് കായലിൽ സംശയാസ്പദമായ രീതിയിൽ ഒരു പൊതി ഒഴുകിനടക്കുന്നത് കണ്ടത്. വിവരമറിഞ്ഞ് കൊച്ചി സെൻട്രൽ പൊലീസും ഫയർഫോഴ്സും ഉടൻ സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെടുത്തു. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച കളമശേരി മെഡിക്കൽ കോളജിൽ വച്ച് പോസ്റ്റ്മോർട്ടം നടപടികൾ നടക്കും. ഇതിൻ്റെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തെക്കുറിച്ചും മൃതദേഹത്തിന് എത്ര ദിവസത്തെ പഴക്കമുണ്ടെന്നതിനെക്കുറിച്ചും വ്യക്തത ലഭിക്കൂ എന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത സെൻട്രൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മൃതദേഹം കായലിലെ ഒഴുക്കിൽപ്പെട്ട് ദൂരെനിന്ന് എത്തിയതാണോ അതോ സമീപപ്രദേശത്ത് വച്ചുതന്നെ ഉപേക്ഷിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. രാത്രികാലങ്ങളിൽ ആരെങ്കിലും മൃതദേഹം കായലിൽ ഉപേക്ഷിച്ചതാണോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. കായൽ തീരത്തെ താമസക്കാരെയും

ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളെയും കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കുഞ്ഞിൻ്റെ മാതാപിതാക്കളെ തിരിച്ചറിയുന്നതിനായി ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാനും കുഞ്ഞിനെ ഉപേക്ഷിച്ചവരെ ഉടൻ കണ്ടെത്തി കർശന നിയമനടപടികൾ സ്വീകരിക്കാനും പൊലീസ് തീരുമാനിച്ചു.
