കണ്ണൂര്‍: കെ എസ് യു കരിങ്കൊടി പ്രതിഷേധത്തില്‍ മന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റതിന് പിന്നാലെ ഉയര്‍ന്ന പ്രതിഷേധങ്ങളില്‍ കണ്ണൂര്‍ നഗരത്തില്‍ സംഘര്‍ഷാവസ്ഥ. ഡിസിസി ഓഫീസിലേക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും ഓഫീസിലേക്ക് ഇരച്ചു കയറാന്‍ ശ്രമിക്കുകയും ചെയ്തോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഡിസിസി ഓഫീസിന് നേരെ കല്ലേറ് നടന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഡി. സി. സി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് നേതൃത്വം നല്കി. തൊട്ടടുത്ത സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് പൊലിസ് തടഞ്ഞു. ഇതേ തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റ സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു എസ്എഫ്ഐ മാര്‍ച്ച്. ഡിസിസി ഓഫീസിന് അകത്തേക്കും അവിടെ നിന്ന് പുറത്തേക്കും കല്ലേറ് നടന്നു.
സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ നഗരത്തില്‍ സിപിഎം – കോണ്‍ഗ്രസ് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇരു ജില്ലാ കമ്മിറ്റി ഓഫീസുകളും അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ചകള്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായുള്ള നിരവധി വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ഗൂഡ ലക്ഷ്യത്തിന്റെഭാഗമായുള്ള തിരക്കഥയാണ് കണ്ണൂര്‍ റയില്‍വേ സ്റ്റേഷനില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ ആക്രമം നടന്നുവെന്ന വിധത്തിലുള്ള പ്രചരണമെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ അബ്ദുല്‍ കരീം ചേലേരിയും ജനറല്‍ സെക്രട്ടറി സഹദുള്ളയും ആരോപിച്ചു.

