ആലപ്പുഴ: ആരോഗ്യമന്ത്രി വീണ ജോർജ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആക്രമിക്കപ്പെട്ടുവെന്നത് വെറും ‘അഭിനയം’ മാത്രമാണെന്നും ഇതിനു പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും മന്ത്രിക്കെതിരായ അക്രമം എന്ന ആരോപണം പൂർണ്ണമായും വ്യാജമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ ‘പെടലി’ പിടിച്ചു തിരിച്ചുവെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവന കേട്ട് താൻ ഞെട്ടിപ്പോയെന്നും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പാർട്ടി പ്രവർത്തകരെ അക്രമത്തിന് പ്രകോപിപ്പിക്കാനാണ് സി.പി.എം സെക്രട്ടറി ശ്രമിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. ഇത്തരത്തിൽ നുണ പറയുന്ന ഒരാൾ ആ പദവിയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും എം.വി. ഗോവിന്ദനെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യഥാർഥത്തിൽ മന്ത്രിയെ ആരും പിടിച്ചു തിരിച്ചിട്ടില്ലെന്നും, അവർ പ്രകോപിതയായി മുന്നോട്ട് പോകാൻ ശ്രമിക്കുമ്പോൾ പൊലീസ് അവരെ തടയുകയായിരുന്നുവെന്നും ദൃശ്യങ്ങൾ ഉദ്ധരിച്ച് അദ്ദേഹം വിശദീകരിച്ചു. ‘മാഡം പോകരുത്’ എന്ന് പറഞ്ഞ് പൊലീസ് മന്ത്രിയെ വട്ടം പിടിക്കുന്നതാണ് എല്ലാവരും കണ്ടത്. കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ സമീപത്തുപോലും എത്തിയിട്ടില്ലെന്നും റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിൽ അക്രമം നടന്നതിന് യാതൊരു തെളിവുമില്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.

മന്ത്രിയുടെ കൈയ്യിലുണ്ടെന്ന് പറയുന്ന പരിക്ക് രണ്ട് ദിവസം മുമ്പുള്ള വിവിധ പരിപാടികളുടെ ചിത്രങ്ങളിലും കാണാമെന്നും ഇത് ആസൂത്രിതമായ തിരക്കഥയുടെ ഭാഗമാണെന്നും അദ്ദേഹം പരിഹസിച്ചു. സംഭവത്തിന് ദൃക്സാക്ഷിയല്ലാത്ത സ്പീക്കർ ഇത്തരമൊരു ഗൂഢാലോചനയിൽ പങ്കാളിയാകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

