‘ടാസ്കി വിളിയെടാ…’, ‘മൊയ്തീനേ… ആ ചെറിയ സ്പാനർ ഇങ്ങെടുത്തേ…. ഇപ്പ ശര്യാക്കി തരാ’ തുടങ്ങിയ ഡയോലുകളൊന്നും മലയാളി ഉള്ളിടത്തോളം കാലം മറക്കില്ല. കുതിരവട്ടം പപ്പു എന്ന നടനും അദ്ദേഹം സിനിമയിൽ ചെയ്തു വച്ചിരിക്കുന്ന കഥാപാത്രങ്ങളും അത്രമേൽ ആഴത്തിൽ മലയാളി ഹൃദയങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഇന്ന് ആ അതുല്യകലാകാരൻ നമ്മെ വിട്ടകന്നിട്ട് 26 വർഷം പൂർത്തിയായിരിക്കുകയാണ്.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹവും അതുപോലെ തന്നെ നികത്താനാവാത്ത വലിയ നഷ്ടവുമാണ് അച്ഛന് എന്ന് കുറിച്ചിരിക്കുകയാണ് പപ്പുവിന്റെ മകൻ ബിനു പപ്പു. “അച്ഛന്റെ ഇരുപത്തിയാറാം ചരമവാര്‍ഷികത്തില്‍, അച്ഛനെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട ആ ദിനമല്ല, മറിച്ച് അച്ഛനോടൊപ്പം പങ്കിട്ട മനോഹരമായ നിമിഷങ്ങളാണ് ഞാന്‍ ഇന്ന് ഓര്‍ക്കുന്നത്. അച്ഛന് പകര്‍ന്നു തന്ന പാഠങ്ങളും, ആ ചിരിയും, സ്നേഹവും ഇന്നും ഓരോ ദിവസവും എന്റെ കൂടെയുണ്ട്.
കാലം കടന്നുപോയി, എങ്കിലും ആ ശൂന്യത ഒരിക്കലും മാറുന്നില്ല. അച്ഛന് ഇന്ന് എന്റെ കൂടെ ശാരീരികമായി ഇല്ലായിരിക്കാം, പക്ഷേ അച്ഛന്റെ സാന്നിധ്യം എപ്പോഴും എനിക്ക് വഴികാട്ടിയായിട്ടുണ്ട്. അച്ഛന് എന്നെയോര്‍ത്ത് അഭിമാനം തോന്നുന്ന രീതിയില്‍ ജീവിക്കാന്‍ എനിക്ക് കഴിഞ്ഞു എന്ന് ഞാന്‍ വിശ്വസിക്കുന്നു.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹവും അതുപോലെ തന്നെ നികത്താനാവാത്ത വലിയ നഷ്ടവുമാണ് അച്ഛന്. അച്ഛനെ ഒരുപാട് സ്നേഹിക്കുന്നു”.- പപ്പുവിന്റെ ചിത്രത്തിനൊപ്പം ബിനു കുറിച്ചു.

