ന്യൂഡൽഹി: ഗർഭാശയ ഗള അർബുദത്തെപ്രതിരോധിക്കുന്നതിനുള്ള ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിനേഷൻ പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 28-ന് നിർവഹിക്കും. രാജസ്ഥാനിലെ അജ്മീറിൽ നിന്നാണ് രാജ്യവ്യാപകമായ ഈ ക്യാമ്പയിന് തുടക്കമിടുന്നത്.കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയ നിർദ്ദേശമനുസരിച്ച്, 14 വയസ്സ് തികഞ്ഞ പെൺകുട്ടികൾക്കും അടുത്ത 90 ദിവസത്തിനുള്ളിൽ 15 വയസ്സ് തികയുന്നവർക്കുമാണ് ഈ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്.

വാക്സിനേഷൻ കേന്ദ്രങ്ങൾ: രാജ്യത്തുടനീളമുള്ള സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലുമായി ഏകദേശം 30,000 കേന്ദ്രങ്ങളിൽ വാക്സിൻ ലഭ്യമാകും. ക്യാമ്പയിന്റെ ആദ്യ 90 ദിവസങ്ങളിൽ ഈ കേന്ദ്രങ്ങളിൽ എല്ലാ ദിവസവും കുത്തിവെപ്പ് ഉണ്ടായിരിക്കും. അതിനുശേഷം ആഴ്ചയിൽ രണ്ട് ദിവസം വീതമുള്ള സാധാരണ വാക്സിനേഷൻ ദിനങ്ങളിൽ ഇത് ലഭ്യമാകും.
മറ്റ് വാക്സിനുകളിൽ നിന്ന് വ്യത്യസ്തമായി, എച്ച്.പി.വി വാക്സിൻ സ്വീകരിക്കുന്നതിന് മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ മുൻകൂട്ടിയുള്ള സമ്മതം നിർബന്ധമാക്കിയിട്ടുണ്ട്. യു-വിൻ ആപ്പ് വഴിയോ ഇന്റർനെറ്റ് സൗകര്യമില്ലാത്ത ഇടങ്ങളിൽ നേരിട്ടോ സമ്മതപത്രം നൽകാം.

0.5 മില്ലി വാക്സിൻ ഇടതുകൈയിലാണ് നൽകുന്നത്. കുത്തിവെപ്പ് എടുത്ത കുട്ടികളുടെ ഇടതു കൈയിലെ ചൂണ്ടുവിരലിൽ മഷി കൊണ്ട് അടയാളപ്പെടുത്തും. വാക്സിൻ എടുത്ത ശേഷം പാർശ്വഫലങ്ങളില്ലെന്ന് ഉറപ്പാക്കാൻ കുട്ടികളെ 30 മിനിറ്റ് നിരീക്ഷണത്തിൽ ഇരുത്തും. പേടി ഒഴിവാക്കാൻ കുട്ടികൾക്കായി നിരീക്ഷണ മുറികളിൽ വിനോദ പരിപാടികൾ ഒരുക്കാനും നിർദ്ദേശമുണ്ട്.

നിലവിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ, യീസ്റ്റ് അല്ലെങ്കിൽ മുൻപ് വാക്സിനുകളോട് അലർജി പ്രകടിപ്പിച്ചിട്ടുള്ളവർ, ഗർഭിണികൾ എന്നിവർക്ക് വാക്സിൻ നൽകില്ല. കൂടാതെ, ഇതിനോടകം സ്വകാര്യ മേഖലയിൽ നിന്നോ മറ്റോ ഗാർഡാസിൽ , സെർവാവാക് തുടങ്ങിയ എച്ച്.പി.വി വാക്സിനുകൾ സ്വീകരിച്ചവരും ഈ പദ്ധതിക്ക് കീഴിൽ കുത്തിവെപ്പ് എടുക്കേണ്ടതില്ല.
ഇന്ത്യൻ സ്ത്രീകൾക്കിടയിൽ കണ്ടുവരുന്ന രണ്ടാമത്തെ പ്രധാന അർബുദമാണ് ഗർഭാശയ ഗള അർബുദം. പ്രതിവർഷം 1.25 ലക്ഷം പേരെ ബാധിക്കുന്ന ഈ രോഗം മൂലം 75,000 മരണങ്ങൾ സംഭവിക്കുന്നുണ്ടെന്നാണ് കണക്ക്. കൗമാരപ്രായത്തിൽ തന്നെ വാക്സിൻ നൽകുന്നതിലൂടെ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വാക്സിൻ സ്വീകരിക്കാൻ എത്തുന്ന കുട്ടികൾ ആഹാരം കഴിച്ചിട്ടുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി വാക്സിനേഷൻ കേന്ദ്രങ്ങളിൽ ലഘുഭക്ഷണവും ക്രമീകരിക്കും.
