ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട സിബിഐ കേസിൽ ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും വൻ നിയമവിജയം. കേസിൽ ഇരുവരെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി ഡൽഹി വിചാരണ കോടതി ഉത്തരവിട്ടു. കെജ്രിവാളിനും സിസോദിയയ്ക്കും പുറമെ കേസിൽ ഉൾപ്പെട്ടിരുന്ന മറ്റ് 21 പേരെയും കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്.

സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ വിചാരണ നടത്താൻ മതിയായ തെളിവുകളില്ലെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. 2021-22 കാലയളവിലെ മദ്യനയ രൂപീകരണത്തിൽ ക്രമക്കേട് നടന്നുവെന്നും അതുവഴി ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നുമായിരുന്നു സിബിഐയുടെ പ്രധാന ആരോപണം.
മദ്യ വ്യാപാരികളിൽ നിന്ന് കൈക്കൂലിയായി ലഭിച്ച പണം ഗോവ, പഞ്ചാബ് തിരഞ്ഞെടുപ്പുകളിൽ പാർട്ടി ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നും അന്വേഷണ ഏജൻസി വാദിച്ചിരുന്നു.

വിചാരണ നേരിടാൻ ആവശ്യമായ പ്രാഥമിക തെളിവുകൾ പോലും കെജ്രിവാളിനും സിസോദിയയ്ക്കും എതിരെ ഹാജരാക്കാൻ സിബിഐയ്ക്ക് സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി.ദീർഘകാലത്തെ നിയമപോരാട്ടത്തിന് ശേഷമുള്ള ഈ വിധി ആം ആദ്മി പാർട്ടിക്ക് വലിയ രാഷ്ട്രീയ കരുത്ത് പകരുന്നതാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ വേട്ടയാടലാണ് നടന്നതെന്ന എഎപിയുടെ വാദത്തിന് ഈ വിധി അടിവരയിടുന്നു.

കോടതി വിധി തിരിച്ചടിയായ സാഹചര്യത്തിൽ, വിധിക്കെതിരെ സിബിഐ ഉന്നത കോടതിയെ സമീപിക്കുമോ എന്നതാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്.മദ്യനയവുമായി ബന്ധപ്പെട്ട ഇതേ വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കേസിൽ നിയമനടപടികൾ തുടരുകയാണ്. എങ്കിലും സിബിഐ കേസിൽ നിന്നുള്ള ഈ വിടുതൽ കെജ്രിവാളിന്റെ രാഷ്ട്രീയ ഭാവിയിൽ നിർണ്ണായകമാകും.
