മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ അഭിനയിച്ച കെഎസ്ആർടിസി പരസ്യചിത്രം പുറത്ത്. മോഹൻലാൽ ആദ്യമായി സിനിമയിൽ അഭിനയിക്കാനായി തിരുവനന്തപുരത്തുനിന്ന് കെഎസ്ആർടിസി ബസിൽ ആലപ്പുഴയിലേക്ക് നടത്തിയ യാത്രയാണ് കെഎസ്ആർടിസി പരസ്യചിത്രമായി പ്രശസ്ത സംവിധായകൻ പ്രിയദർശൻ ആവിഷ്ക്കരിച്ചത്. ‘എന്റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്റെ ചിന്നംവിളിച്ചെത്തിയ ആനവണ്ടി, നിനക്ക് നന്ദി, ഇതേപോലെയുള്ള ശുഭയാത്രകൾ സമ്മാനിക്കാൻ മലയാളിക്കൊപ്പം കെഎസ്ആർടിസിയും എന്നെന്നും ഉണ്ടാകട്ടെയെന്നും മോഹൻലാൽ പരസ്യചിത്രത്തിൽ പറയുന്നു.

‘തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ആനവണ്ടിയിൽ വലതുകാൽ വെച്ച് കയറുമ്പോൾ താൻ അറിഞ്ഞിരുന്നില്ല, ആ യാത്ര തന്റെ ജീവിതം മാറ്റിമറിക്കുമെന്ന്’- മോഹൻലാലിന്റെ ഈ സംഭാഷണത്തോടെയാണ് പരസ്യചിത്രം ആരംഭിക്കുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം തേടിയായിരുന്നു ആ യാത്ര. മോഹൻലാൽ അഭിനയിച്ച് ആദ്യമായി തിയറ്ററിൽ എത്തിയ ചിത്രമായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ.
യാത്രയുടെ വിരസത മാറ്റാൻ കൂടെയുള്ള യാത്രക്കാരുടെ ഭാവങ്ങളും അനക്കങ്ങളുമൊക്കെ നിരീക്ഷിക്കുകയും, അവരുടെ ഉള്ളിൽ എന്തായിരിക്കുമെന്നുമൊക്കെ ആലോചിക്കുന്ന സ്വഭാവം അന്നും തനിക്ക് ഉണ്ടായിരുന്നുവെന്ന് മോഹൻലാൽ പറയുന്നു. ഒരുപക്ഷേ അതായാരിക്കാം, താൻ അറിയാതെ പഠിച്ച അഭിനയകലയുടെ ആദ്യ പാഠമെന്നും മലയാളത്തിന്റെ സൂപ്പർതാരം പറയുന്നു.

ആലപ്പുഴ ബസ് ഡിപ്പോയിൽ ഇറങ്ങി നവോദയാ സ്റ്റുഡിയോയിലേക്ക് നടക്കുമ്പോൾ ആ ആനവണ്ടിയും അതിലെ യാത്രക്കാരും, തനിക്ക് ആശംസ പറയുന്നതുപോലെ തോന്നിയതായും മോഹൻലാൽ ഓർക്കുന്നു. അഭിനയ പരീക്ഷ കഴിഞ്ഞ് തിരിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങിയതും പ്രിയപ്പെട്ട ആനവണ്ടിയിൽ തന്നെ. പോയ ഞാൻ അല്ലായിരുന്നു പിന്നീടുള്ള ഞാൻ. പിന്നീടുള്ള മോഹൻലാലിന്റെ ജീവിതം എന്നേക്കാൾ നിങ്ങൾക്ക് അറിയാമെന്നും പൂർണമായും ബസിനുള്ളിൽ ചിത്രീകരിച്ച ഈ പരസ്യചിത്രത്തിൽ ഹൃദയസ്പർശിയായി മോഹൻലാൽ പറയുന്നു.

തിരുവനന്തപുരത്ത് നടന്ന പരസ്യചിത്രപ്രകാശന ചടങ്ങ് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ, കെഎസ്ആർടിസി എംഡി പ്രമോജ് ശങ്കർ തുടങ്ങയവരും ചടങ്ങിൽ പങ്കെടുത്തു. ഏറ്റവും മികച്ച മന്ത്രി എന്ന നിലയിൽ ജനങ്ങൾ ഗണേഷ് കുമാറിനെ വിലയിരുത്തുമെന്ന് സ്പീക്കർ ഷംസീർ പറഞ്ഞു. പരസ്യത്തിൽ അഭിനയിച്ചതിന് മോഹൻലാലിന് ഉള്ള നന്ദി മൂന്നര കോടി ജനങ്ങൾക്കും നിയമസഭയ്ക്കും വേണ്ടി താൻ അറിയിക്കുകയാണ്. പരസ്യത്തിൻ്റെ സ്ക്രിപ്റ്റ് മനസ്സിന്റെ ഉള്ളിൽ നിന്നും വന്നതാണ്. ഇല്ലാതിരുന്ന പ്രൊഫഷണലിസം കെഎസ്ആർടിസിയിൽ കൊണ്ടുവരാൻ കെ ബി ഗണേഷ് കുമാറിന് കഴിഞ്ഞുവെന്നും സ്പീക്കർ പറഞ്ഞു.
