കല്‍പ്പറ്റ: മുണ്ടക്കൈ മഹാദുരന്തത്തെ അതിജീവിച്ചവര്‍ക്ക് പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന വയനാട് മാതൃകാ ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം നാളെ. ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ വൈകുന്നേരം 3.30ന് നടക്കുന്ന ചടങ്ങില്‍ റവന്യു മന്ത്രി കെ രാജന് അധ്യക്ഷത വഹിക്കും.
ഉദ്ഘാടനത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ ഡിആര്‍ മേഘശ്രീ പറഞ്ഞു. ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ എല്ലാവരുടെയും മികച്ച പിന്തുണയാണ് ലഭിച്ചത്.
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ നഷ്ടമായ മുണ്ടക്കൈ ഗവ എല്‍.പി സ്കൂള്‍, വെള്ളാര്‍മല വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വെള്ളാര്‍മല വില്ലേജ്, വെറ്റിറിനറി പോളി ക്ലിനിക്, അങ്കണവാടി എന്നിവ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ തന്നെ നിര്‍മിക്കുന്നതിനു സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയാണെന്നും കലക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വയനാടിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയില്‍ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഏജന്‍സികളുടെയും തൊഴിലാളികളുടെയും ഏകോപിതമായ പ്രവര്‍ത്തനത്തിലൂടെയാണ് ടൗണ്‍ഷിപ്പ് യാഥാര്‍ഥ്യമാകുന്നത്. ആകെ 410 വീടുകളും അനുബന്ധ സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുള്ള ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടത്തില്‍ 178 വീടുകളാണ് പൂര്‍ത്തിയായത്.
