മലയാളികളായ പ്രവാസികൾക്കായി നോർക്ക രൂപീകരിച്ച ഹെൽപ് ഡെസ്കിൻ്റെ സ്ഥിതിവിവരങ്ങള്‍ അധികൃതർ വിലയിരുത്തി. മലയാളികളായ പ്രവാസികൾക്കായി NRI(K) മുഖ്യമന്ത്രിയുടെ ഓഫിസിൻ്റെ നിര്‍ദ്ദേശാനുസരണം ഒരുക്കിയ നോർക്ക ഹെൽപ് ഡെസ്കുമായി സഹായം അഭ്യർഥിച്ച് നിരവധി പേർ ബന്ധപ്പെട്ടു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക നോർക്ക ഹെൽപ്ഡെസ്ക് നമ്പറുകളിലേയ്ക്ക് 2026 മാർച്ച് 01 ഞായറാഴ്ച വൈകുന്നേരം ആറു മണി വരെ ആകെ 541 കോളുകളാണ് വന്നത്. വിദേശത്തുനിന്നും 188 പേരും രാജ്യത്തിനുള്ളിൽ നിന്നും 353 പേരും ഹെൽപ് ഡെസ്കുമായി ബന്ധപ്പെട്ടു.

നോര്‍ക്ക വകുപ്പ് സെക്രട്ടറി ടി വി അനുപമ, നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അജിത് കോളശേരി എന്നിവരുടെ നേതൃത്വത്തില്‍ തൈക്കാട് നോര്‍ക്ക സെൻ്ററിൽ ചേര്‍ന്ന അവലോകന യോഗത്തിൽ സ്ഥിതിഗതികളും ലഭിച്ച വിവരങ്ങളും വിലയിരുത്തി. അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്നും ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കായ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള എട്ട് ഇന്ത്യന്‍ പൗരന്മാർ പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി. പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ് ദാസ് നാഗലൂർ, എറണാകുളം കാലടി സ്വദേശിയായ ഭാര്യ ഡോ. രശ്മി മേനോന്, മകള്‍ സ്മൃതി മേനോന് (മൂന്ന് വയസ്) എന്നിവരാണ് കുടുങ്ങിയത്.
സംഘര്‍ഷ സാഹചര്യങ്ങളെത്തുടർന്ന് വിമാന പാത മാറ്റി കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കുകയുമായിരുന്നു. മലയാളികളായ യാത്രക്കാര്‍ കുവൈറ്റില്‍ നിന്നുളള ലോകകേരള സഭാംഗം വഴി നോര്‍ക്കയുമായി ബന്ധപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തില്‍ കേന്ദ്രവിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ഇവരെ ഇന്ത്യയിലെത്തിക്കാനുളള നടപടികള്‍ ഏകോപിപ്പിച്ചു. ഇവരെ കൊളംബോ വഴി ഇന്ത്യയിലെത്തിക്കാനുള്ള സാധ്യതകൾ വിദേശകാര്യമന്ത്രാലയം പരിശോധിച്ചു വരുകയാണ്.

അടിയന്തിരമായി മരുന്നുള്‍പ്പെടെ ആവശ്യപ്പെട്ട് ബഹ്റൈനില്‍ നിന്നും പ്രവാസികള്‍ നോര്‍ക്ക റൂട്ട്സില്‍ ബന്ധപ്പെട്ടിരുന്നു. ഇവര്‍ക്ക് ലോക കേരള സഭാംഗങ്ങളുടെ പിന്തുണയില്‍ വേണ്ട സഹായം ലഭ്യമാക്കി. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ പോയവർക്ക് ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനായ് സഹായങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ബഹ്റൈനിൽ സർക്കാർ അഭയകേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇതിൻ്റെ വിവരങ്ങള്‍ പ്രവാസികളിലേക്ക് എത്തിക്കുന്നതിന് നടപടി സ്വീകരിച്ചു കഴിഞ്ഞു.

ബഹ്റൈനില്‍ നോർക്കാ പ്രതിനിധികളും ലോക കേരള സഭ അംഗങ്ങളും ഉള്‍പ്പെടുന്ന പ്രത്യേക ഹെൽപ്പ് ഗ്രൂപ്പ് (ഡെസ്ക്) രൂപീകരിച്ചും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ പറ്റാതെ യുഎഇയില്‍ കുടുങ്ങി പോയ പ്രവാസികൾക്ക് അടിയന്തരമായ സഹായങ്ങൾ മലയാളി സംഘടനകള്‍, ലോക കേരള സഭാംഗങ്ങള്‍ എന്നിവര്‍ മുഖേന ലഭ്യമാക്കിയിട്ടുണ്ട്.
കേന്ദ്ര സർക്കാർ, വിദേശകാര്യ മന്ത്രാലയം, അതാതു രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകള്‍, ലോക കേരള സഭാംഗങ്ങള്‍, പ്രവാസി സംഘടനകള്‍ എന്നിവരുമായി ഏകോപനം തുടരുന്നുണ്ട്. സംഘര്‍ഷം തുടരുന്ന രാജ്യങ്ങളിലുളള പ്രവാസികള്‍ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ പിന്തുടരണം. അടിയന്തര സഹായത്തിനായി നോർക റൂട്ട്സ് ഹെൽപ്ഡെസ്കുമായി +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിര്‍ദ്ദേശപ്രകാരം ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. 011-23747079, 011-23742320, +91-9310443880 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ആവശ്യക്കാർക്ക് ബന്ധപ്പെടവുന്നതാണ്. റസിഡൻ്റ് കമ്മീഷണർ പുനീത് കുമാർ, അഡീഷണൽ റസിഡൻ്റ് കമ്മീഷണർ ഡോ. അശ്വതി ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിൽ കൺട്രോളർ എ എസ് ഹരികുമാർ, ലെയ്സൺ ഓഫീസർ രാഹുൽ കെ. ജെയ്സ്വർ, നോർക്ക വികസന ഓഫിസർ ജെ. ഷാജിമോൻ എന്നിവരെ കൺട്രോൾ റൂം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്.
