തിരുവനന്തപുരം: ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്നും യുവതീപ്രവേശനം വേണ്ടതില്ലെന്നുമുള്ള നിർണായക നിലപാടുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഈ നിലപാട് ബോർഡ് സുപ്രീം കോടതിയെ ഔദ്യോഗികമായി അറിയിക്കും. ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാറാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.

ഒൻപതംഗ ബെഞ്ച് ഈ വിഷയം പരിഗണിക്കുന്നതിനു മുന്നോടിയായി മാർച്ച് 14ന് മുമ്പ് കക്ഷികളോട് നിലപാടുകൾ അറിയിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെ സർക്കാർ തങ്ങളുടെ മുൻ നിലപാട് തിരുത്തുമോ എന്ന ചർച്ചകൾ ശക്തമാകുന്നതിനിടയിലാണ് ദേവസ്വം ബോർഡ് പുതിയ നിലപാടുമായി രംഗത്തെത്തുന്നത്.
യുവതീപ്രവേശനം എതിർക്കപ്പെടേണ്ടതും തടയേണ്ടതുമാണെന്നാണ് ദേവസ്വം ബോർഡിൻ്റെ ഇപ്പോഴത്തെ അന്തിമ നിലപാട്. സുപ്രീം കോടതി കേസ് പരിഗണിക്കുന്ന 14ാം തീയതിയാകും പുതിയ സത്യവാങ്മൂലം സമർപ്പിക്കുക. ആചാരങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ആചാര്യന്മാരുമായും വിശ്വാസികളുമായും ആലോചിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കാൻ കഴിയൂ എന്ന് ബോർഡ് വ്യക്തമാക്കുന്നു.

2018ൽ യുവതീപ്രവേശനത്തിന് അനുകൂലമായ നിലപാടായിരുന്നു ദേവസ്വം ബോർഡ് സ്വീകരിച്ചിരുന്നത്. 2019ൽ യുവതീപ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് ബോർഡ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതോടെ വിശ്വാസികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. അതിന് തികച്ചും വിരുദ്ധമായാണ് ഇപ്പോൾ യുവതീപ്രവേശനത്തെ എതിർത്തുകൊണ്ട് ബോർഡ് പുതിയ നിലപാടെടുക്കുന്നത്. അന്ന് ശബരിമലയിൽ യുവതീപ്രവേശനം ഉണ്ടായതിനെ തുടർന്ന് വലിയ വിവാദങ്ങൾ ഉണ്ടാകുകയും, പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് വലിയ തിരിച്ചടി നേരിടേണ്ടി വരികയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ബോർഡ് തങ്ങളുടെ മുൻ നിലപാടിൽ നിന്നും പിന്മാറാൻ തീരുമാനിച്ചത്.

