അമേരിക്ക, ഇസ്രായേൽ, ഇറാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട സൈനിക നീക്കങ്ങൾ പശ്ചിമേഷ്യയിൽ വലിയ സംഘർഷത്തിന് കാരണമായിരിക്കുന്ന സാഹചര്യത്തിൽ, പ്രധാന ഗൾഫ് നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ ചർച്ച നടത്തി. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്, കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ-ഖാലിദ് അൽ-ഹമദ് അൽ-മുബാറക് അൽ-സബാഹ് എന്നിവരുമായാണ് പ്രധാനമന്ത്രി സംസാരിച്ചത്.

ഇരു രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണങ്ങളിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. കുവൈറ്റിന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും നേരെയുണ്ടായ ലംഘനങ്ങളെ ഇന്ത്യ അപലപിക്കുന്നുവെന്നും ഈ പ്രയാസകരമായ ഘട്ടത്തിൽ ഇന്ത്യ കുവൈത്ത് ജനതയ്ക്കൊപ്പം നിൽക്കുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഒമാനിലും കുവൈത്തിലും താമസിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ ക്ഷേമവും സുരക്ഷയും ചർച്ചയിൽ പ്രധാന വിഷയമായി. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സംരക്ഷണം തന്റെ സർക്കാരിന്റെ മുൻഗണനയാണെന്ന് മോദി ആവർത്തിച്ചു. കൂടാതെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായും അദ്ദേഹം സംസാരിക്കുകയും ഖത്തറിന് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തു. യുഎഇ, ഇസ്രായേൽ, സൗദി അറേബ്യ, ജോർദാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായും പ്രധാനമന്ത്രി മുൻപ് ചർച്ചകൾ നടത്തിയിരുന്നു.

മേഖലയിലെ സംഘർഷം തീവ്രമാകുന്ന സാഹചര്യത്തിൽ എല്ലാ ഭാഗങ്ങളും സംയമനം പാലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാനും സാധാരണക്കാരുടെ ജീവൻ രക്ഷിക്കാനും കഴിയൂ എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും അഖണ്ഡതയും മാനിക്കപ്പെടണമെന്നും ഇന്ത്യ നിർദേശിച്ചു.

