തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾക്ക് ഇന്ന് തുടക്കം. രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 6 വെള്ളിയാഴ്ച മുതൽ തുടങ്ങും. സംസ്ഥാനത്തെ 3031 പരീക്ഷാകേന്ദ്രങ്ങളിലായി 4,17,497 വിദ്യാർഥികളും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലായി 386 പേരും അടക്കം ആകെ 4,18,516 വിദ്യാർഥികളാണ് ഇന്ന് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്.

കേരളത്തിലും ലക്ഷദ്വീപിലും പരീക്ഷകൾ നിശ്ചയിച്ചതു പ്രകാരം മാർച്ച് 30 ന് അവസാനിക്കും. പശ്ചിമേഷ്യയിലെ യുദ്ധസമാന സാഹചര്യങ്ങൾ കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്. അഞ്ചാം തിയതിയിലെ എസ്എസ്എൽസി പരീക്ഷയും അഞ്ച്, ആറ്, ഏഴ് തിയതികളിലെ ഹയർ സെക്കൻഡറി പരീക്ഷകളുമാണ് മാറ്റിയത്. സെന്ററുകളുടെ പുതുക്കിയ തീയതികൾ പ്രത്യേകം പ്രഖ്യാപിക്കും.
4,11,025 വിദ്യാർത്ഥികളാണ് ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നത്. 4,52,437 രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികളും പരീക്ഷ എഴുതും. വൊക്കേഷണൽ ഹയർ സെക്കൻഡറി (വിഎച്ച്എസ്ഇ) വിഭാഗത്തിൽ 389 കേന്ദ്രങ്ങളിലായി 26,829 ഒന്നാം വർഷ വിദ്യാർത്ഥികളും 26,826 രണ്ടാം വർഷ വിദ്യാർത്ഥികളും പരീക്ഷ എഴുതുന്നുണ്ട്.

പരീക്ഷകളുടെ മൂല്യനിർണയത്തിനായി 26,000 ത്തോളം അധ്യാപകരെയാണ് നിയമിച്ചിരിക്കുന്നത്. കർശനമായ മേൽനോട്ടങ്ങൾക്കും മാനദണ്ഡങ്ങൾ ഉറപ്പാക്കാനും എല്ലാ കേന്ദ്രങ്ങളിലും ചീഫ് സൂപ്രണ്ടുമാരെയും നിയമിച്ചിട്ടുണ്ട്. ഏപ്രിൽ 7 നാണ് മൂല്യനിർണയം ആരംഭിക്കുക. ഏപ്രിൽ 28ന് മൂല്യനിർണയം പൂർത്തിയാക്കി മെയ് 8 ന് എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.

