മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നടത്തിയിരുന്ന സമരം ഒരാഴ്ചത്തേക്ക് മാറ്റിവെച്ചു. ഒ.പി, അധ്യയനം, ശസ്ത്രക്രിയകള്‍ എന്നിവ പുനരാരംഭിക്കും. ആരോഗ്യവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായെന്ന് കെജിഎംസിടിഎ അറിയിച്ചു.

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തിലും ആശുപത്രികളുടെ നിലവാരം വര്‍ധിപ്പിക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ ഉറപ്പ് നല്കി എന്ന് സംഘടന അറിയിച്ചു. രോഗികളുടെയും വിദ്യാര്‍ഥികളുടെയും ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് നിലവിലെ സമരപരിപാടികള്‍ താല്‍ക്കാലികമായി നീട്ടിവെക്കാന്‍ കേരള ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന് തീരുമാനിക്കുകയായിരുന്നു.
ആദ്യത്തെ 18 മാസത്തെ ശമ്പള കുടിശിക എത്രയും വേഗം കൊടുത്ത് തീര്‍ക്കാമെന്ന ഉറപ്പാണ് ലഭിച്ചിരിക്കുന്നത്. ഇതിനുള്ള ഫണ്ട് എത്രയും വേഗം കണ്ടെത്തുകയും ചെയ്യും. മാത്രമല്ല, ഇതിന് പിന്നാലെ 39 മാസത്തെ ശമ്പള കുടിശിക കൂടി നല്‍കുന്നതിലും തീരുമാനമെടുക്കും.

ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടാം തിയതിയാണ് കെജിഎംസിടിഎ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം ആരംഭിച്ചത്. പിന്നീട് ഫെബ്രുവരി 16ഓടെയാണ് ഒപി ബഹിഷ്കരണവും ശസ്ത്രക്രിയ മാറ്റിവെക്കലുമടക്കമുള്ള സമരത്തിലേക്ക് കടന്നത്. ഇതിന് പിന്നാലെ സര്‍ക്കാരുമായി പലതവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ തീരുമാനമായിരുന്നില്ല. വേതന കുടിശിക നല്‍കുക, ഉടന്‍ ഒഴിവുകള്‍ നികത്തി നിയമനങ്ങള്‍ നടപ്പിലാക്കുക, അമിത ജോലിഭാരം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

