കൊച്ചി: കൈവശ ഭൂമിക്ക് പട്ടയം നൽകാനുള്ള സംസ്ഥാന സർക്കാർ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം. പട്ടയവിതരണവുമായി ബന്ധപ്പെട്ട് കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പൂർണമായി പാലിച്ചിട്ടുണ്ടോ എന്ന് സത്യവാങ്മൂലം നൽകാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിക്കൊണ്ടാണ് ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ നിർദേശം. നേരത്തേ 2024 ജനുവരി 10 മുതല്‍ പട്ടയവിതരണത്തിനു നിലനിന്നിരുന്ന സ്റ്റേ സമാനബഞ്ച് നീക്കിയിരുന്നു. എന്നാൽ കോടതി മാർഗനിർദേശങ്ങൾ പാലിക്കാതെ നിയമം ലംഘിച്ച് പട്ടയവിതരണം നടത്തുകയാണെന്ന ഹർജിക്കാരുടെ പരാതിയിലാണു കോടതിയുടെ നടപടി.

1964-ലെ ചട്ടപ്രകാരം പട്ടയം നൽകുന്നതിലുണ്ടായിരുന്ന സ്റ്റേ നീക്കിയെങ്കിലും കോടതി നൽകിയ കർശനമായ മാർഗനിർദേശങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് ഹർജിക്കാർ ആരോപിച്ചു. എത്ര കൈവശഭൂമിക്ക് പട്ടയം നൽകാം തുടങ്ങിയ മാനദണ്ഡങ്ങൾ തീരുമാനിച്ചായിരിക്കണം പട്ടയം വിതരണം നടത്തേണ്ടതു തുടങ്ങിയ കാര്യങ്ങൾ കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഇടുക്കിയിൽ മാത്രം ആയിരത്തിലധികം പട്ടയങ്ങൾ നിയമം ലംഘിച്ച് നൽകിയെന്ന് ഹർജിക്കാർ പരാതിപ്പെട്ടു.
തുടർന്ന്, പട്ടയ വിതരണത്തിൽ ഹൈക്കോടതി ഉത്തരവിലെ നിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് ഡിവിഷൻ ബഞ്ച് ആരാഞ്ഞു. പട്ടയ വിതരണ നടപടികൾ ആരംഭിച്ച ഓരോരുത്തരുടെ കാര്യത്തിലും കോടതി നിർദേശങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന കാര്യം ചീഫ് സെക്രട്ടറി ബോധ്യപ്പെടുത്തണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. നടപടിക്രമങ്ങളെല്ലാം നേരത്തേ പൂർത്തിയായതാണെന്നും സ്റ്റേ നീക്കിയപ്പോൾ പട്ടയ വിതരണ നടപടികൾ ആരംഭിച്ചതാണെന്നുമുള്ള സർക്കാർ വാദം കോടതി പൂർണ്ണമായും അംഗീകരിച്ചില്ല. തുടർന്നാണു പട്ടയ വിതരണവുമായി ബന്ധപ്പെട്ട എല്ലാ തുടർ നടപടികളും താൽക്കാലികമായി നിർത്തി വയ്ക്കാൻ നിർദേശം നൽകിയത്.

1971 ഓഗസ്റ്റ് ഒന്നിന് മുൻപ് ഭൂമി കൈവശം വച്ചിട്ടുള്ളവരെ കുടിയേറ്റക്കാരായി കണക്കാക്കി പട്ടയം നൽകാമെന്നായിരുന്നു സർക്കാരുണ്ടാക്കിയ ചട്ടം. എന്നാൽ ചില സംഘടനകളും വ്യക്തികളും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. 1971 വരെയുള്ള സമയപരിധി എന്തിനെന്ന് വിശദീകരിക്കണമെന്ന് സർക്കാരിനോട് നിർദേശിച്ചുകൊണ്ടായിരുന്നു കോടതി നടപടി. 1964ലെ ചട്ടത്തിൽ സമയപരിധി ഉണ്ടായിരുന്നില്ലെന്നും ഇത് നിരവധി പേർ അനധികൃതമായി അപേക്ഷയുമായെത്താൻ കാരണമായെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഇക്കാര്യം അംഗീകരിച്ചുകൊണ്ടായിരുന്നു നേരത്തേ ഹൈക്കോടതി സ്റ്റേ നീക്കിയത്.

