കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. കണക്ക് സമർപ്പിക്കാൻ കോടതി നൽകിയ ഒരാഴ്ച സമയം ഇന്നാണ് അവസാനിക്കുന്നത്. കണക്കുകളും അനുബന്ധ രേഖകളും ഹാജരാക്കണമെന്നാണ് കോടതി നിർദേശം.

കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ കണക്ക് സമര്‍പ്പിക്കാന്‍ ബോര്‍ഡ് മൂന്നാഴ്ച സമയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മൂന്നാഴ്ച സമയം നല്‍കാനാവില്ലെന്നും ഒരാഴ്ചയ്ക്കകം കണക്ക് ഹാജരാക്കണമെന്നും കോടതി നിലപാടെടുത്തു. തുടർന്നാണ് ഓഡിറ്റ് വിഭാഗത്തിന് കൈമാറിയ രേഖകൾ കോടതിയിൽ ഹാജരാക്കാൻ ദേവസ്വം ബെഞ്ച് നിർദേശം നൽകിയത്. ഓഡിറ്റർമാരായ വിജയൻ അസോസിയേറ്റ്സിനെ കോടതി കേസിൽ കക്ഷി ചേർത്തു.
പുതുക്കിയ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം ബോർഡ് സമയം ചോദിക്കാനിരിക്കെയാണ് കോടതി നേരിട്ട് കണക്ക് പരിശോധിക്കാൻ തീരുമാനിച്ചത്. ഓഡിറ്റ് റിപ്പോർട്ടിൽ പിശകുണ്ടെന്നാണ് ബോർഡിൻ്റെ വാദം. അയ്യപ്പ സംഗമം നടത്തിപ്പിന് 7.11 കോടി ചെലവായെന്നാണ് കരാർ കമ്പനി പറയുന്നത്. 4.99 കോടി കൊടുക്കാമെന്നാണ് ബോർഡിൻ്റെ നിലപാട്. അയ്യപ്പ സംഗമത്തിന് ബോർഡിൻ്റെ പണം ചെലവഴിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു.

അതേസമയം, ശബരിമല യുവതീപ്രവേശനത്തിൽ നിലപാട് തിരുത്താൻ ഒരുങ്ങുകയാണ് ദേവസ്വം ബോർഡ്. ആചാരനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന നിലപാടാണ് ദേവസ്വം ബേർഡ് സ്വീകരിച്ചിരിക്കുന്നത്. യുവതീപ്രവേശനത്തെ അനുകൂലിച്ച് 2019ൽ സമർപ്പിച്ച സത്യവാങ്മൂലം സുപ്രീം കോടതിയിൽ തിരുത്തും.

