ഇറാനും യുഎസ്-ഇസ്രയേലി സഖ്യവും തമ്മിലെ സംഘർഷം മധ്യേഷ്യയെയാകെ യുദ്ധക്കെടുതിയിലാക്കിയതിന്റെ ആഘാതം ഇന്ത്യയിലെ അടുക്കളയിലേക്കും. സംഘർഷ പശ്ചാത്തലത്തിൽ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിട്ടതോടെ ക്രൂഡ് ഓയിൽ, എൽഎൻജി നീക്കം തടസ്സപ്പെട്ടു. ഖത്തർ എൽഎൻജി ഉൽപാദനം തൽക്കാലത്തേക്ക് നിർത്തിവച്ചു. ഹോർമുസ് പ്രതിസന്ധിമൂലം ഇന്ത്യയിൽ ഏറ്റവുമാദ്യം ക്ഷാമമുണ്ടാവുക എൽപിജിക്കായിരിക്കുമെന്ന ആശങ്ക ശക്തമായി.

ലോകത്തെ ഏറ്റവുമധികം എൽപിജി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ഉപഭോഗത്തിനുള്ള മൊത്തം എൽപിജിയുടെ 90% ഇന്ത്യ വാങ്ങുന്നതും ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നാണ്. പ്രതിവർഷം 21 മില്യൺ ടൺ ഗൾഫിൽ നിന്ന് എത്തുമ്പോൾ യുഎസിൽ നിന്നെത്തുന്നത് 2 മില്യൺ മാത്രം. മറ്റു രാജ്യങ്ങളിൽ നിന്ന് വാങ്ങുന്നത് ഒരു മില്യണോളം മാത്രവുമാണ്. വെറും 30 ദിവസത്തേക്കുള്ള എൽപിജി മാത്രമേ ഇപ്പോൾ ഇന്ത്യയിൽ സ്റ്റോക്കുള്ളൂ.
അയായത് യുദ്ധവും ഹോർമുസ് കടലിടുക്കിലെ തടസ്സവും നീണ്ടാൽ ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത എൽപിജി ക്ഷാമമായിരിക്കും. എന്നാൽ, പ്രതിസന്ധി കടുക്കുംമുൻപ് സംഘർഷത്തിന് അയവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഗൾഫ് ഇതര മേഖലകളിൽ നിന്ന് എൽപിജി കൂടുതലായി വാങ്ങാനുള്ള നീക്കങ്ങളും ഇന്ത്യ നടത്തുന്നുണ്ട്.

എണ്ണക്കമ്പനികളുടെ കണക്കുപ്രകാരം കേരളത്തിൽ ഒരുകോടിയിലേറെ എൽപിജി ഉപയോക്താക്കളുണ്ട്. ഇതിൽ 95 ലക്ഷത്തോളവും സജീവ ഉപയോക്താക്കൾ. പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് കീഴിൽ മാത്രമുള്ളത് മൂന്നുലക്ഷത്തിലധികം ഉപയോക്താക്കളാണ്.

