ടി20 ലോക കിരീടം നിലനിർത്തുന്ന ആദ്യ ടീം എന്ന ചരിത്ര നേട്ടം ഇന്ത്യക്ക് ഇനി ഒരു ജയം മാത്രം അകലെ. വാങ്കഡെയിൽ സഞ്ജു സാംസണിന്റെ ബാറ്റിങ് കരുത്തിൽ ഇന്ത്യ പടുത്തുയർത്തിയ 253 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന്റെ പോരാട്ടം 246 റൺസിൽ അവസാനിച്ചു. സെഞ്ചുറിയുമായി ജേക്കബ് ബെതൽ ഇംഗ്ലണ്ടിനായി ഒറ്റയ്ക്ക് നിന്ന് പൊരുതിയെങ്കിലും കലാശപ്പോരിലേക്ക് ടീമിനെ എത്തിക്കാൻ താരത്തിനായില്ല. കൂറ്റൻ വിജയ ലക്ഷ്യം മുൻപിൽ വെച്ചിട്ടും ഏഴ് റൺസിനാണ് ഇന്ത്യക്ക് ഇംഗ്ലണ്ടിനെ തോൽപ്പിക്കാനായത്. സഞ്ജു ആണ് സെമി ഫൈനലിലെ കളിയിലെ താരം.

499 റൺസ് ആണ് സെമി ഫൈനലിൽ ടീമുകൾ വാങ്കഡെയിൽ അടിച്ചു കൂട്ടിയത്. ഇന്ത്യൻ കളിക്കാർ 18 ഫോറും 19 സിക്സും പറത്തിയപ്പോൾ 21 ഫോറും 15 സിക്സുമാണ് സെമിയിൽ ഇംഗ്ലണ്ടിൽ നിന്ന് വന്നത്. വമ്പൻ സ്കോർ പിന്തുടർന്ന ഇംഗ്ലണ്ടിന് പവർപ്ലേക്കുള്ളിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. അഞ്ച് റൺസ് എടുത്ത സോൾട്ടിനെ ഹർദിക് പാണ്ഡ്യ മടക്കുമ്പോൾ ഇംഗ്ലണ്ടിന്റെ സ്കോർ ബോർഡിൽ 13 റൺസ് മാത്രം. അഞ്ചാമത്തെ ഓവറിലാണ് ക്യാപ്റ്റൻ ഹാരി ബ്രൂക്കിനെ മടക്കിയ ബുമ്രയുടെ പ്രഹരം. ഫോമില്ലായ്മയിൽ തുടരുന്ന ബട്ട്ലർ ആറാമത്തെ ഓവറിൽ വരുൺ ചക്രവർത്തിക്ക് മുൻപിൽ വീണു.
മറ്റൊരു ഇംഗ്ലീഷ് ബാറ്ററുടേയും പിന്തുണയില്ലാതെ ഒറ്റയാൾ പോരാട്ടം നടത്തിയ ജേക്കബ് ബെതൽ 48 പന്തിൽ നിന്ന് എട്ട് ഫോറും ഏഴ് സിക്സും പറത്തിയാണ് 105 റൺസ് എടുത്തത്. ഒടുവിൽ അവസാന ഓവറിലെ ആദ്യ പന്തിൽ ബെതൽ റൺഔട്ടായി. ഡബിളെടുക്കാനുള്ള ബെതലിന്റെ ശ്രമത്തിനിടെ ഹർദിക്കിന്റെ ത്രോ ബാറ്റേഴ്സ് എൻഡിലേക്ക് വന്നു. ത്രോ കുറച്ച് വൈഡായാണ് വന്നത് എങ്കിലും സഞ്ജുവിന് കൃത്യമായി സ്റ്റംപ് ചെയ്യാനായി.

വിക്കറ്റുകൾ നഷ്ടമാകുമ്പോഴും ഇംഗ്ലണ്ട് ചെയ്സിങ് ജയത്തിനായി അവസാനം വരെ പൊരുതി. ഇംഗ്ലണ്ട് ഇന്നിങ്സിലെ അവസാന മൂന്ന് ലീഗൽ ഡെലിവറിയിൽ ആർച്ചർ മൂന്ന് സിക്സ് പറത്തിയിരുന്നു. എന്നാൽ ജയിക്കാൻ അത് മതിയായിരുന്നില്ല. ഇന്ത്യൻ ഇന്നിങ്സിന്റെ സമയം സഞ്ജുവിനെ പുറത്താക്കാനുള്ള ക്യാച്ച് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് നഷ്ടപ്പെടുത്തിയത് ഇംഗ്ലണ്ട് ടീമിനെ അസ്വസ്ഥപ്പെടുത്തുമെന്നുറപ്പ്. 15 റൺസിൽ സഞ്ജു നിൽക്കുമ്പോഴായിരുന്നു ഇത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് അഭിഷേക് ശർമയെ തുടക്കത്തിലേ തന്നെ നഷ്ടമായി. എന്നാൽ സഞ്ജുവും ഇഷാനും പവർപ്ലേയിൽ ഇന്ത്യ പിന്നോട്ട് പോകുന്നില്ലെന്ന് ഉറപ്പാക്കി. 97 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കാൻ ഇവർക്കായി.18 പന്തിൽ നിന്നാണ് ഇഷാൻ കിഷൻ 39 റൺസ് നേടിയത്. ദുബെ 25 പന്തിൽ നിന്ന് 43 റൺസും കണ്ടെത്തി. തുടരെ രണ്ടാം മത്സരത്തിലും തിളങ്ങിയ സഞ്ജു ആർച്ചറെ തുടരെ പ്രഹരിച്ച് വിമർശകരുടെ വായടപ്പിച്ച് ആരാധകരുടെ കയ്യടി നേടി.
