പത്ത് വര്‍ഷം മുന്‍പത്തെ യുഡിഎഫ് സര്‍ക്കാരിനെയും പിണറായി സര്‍ക്കാരുകളെയും താരതമ്യം ചെയ്ത് സര്‍ക്കാര്‍ അനുകൂല പരസ്യം നല്കിയ പിആര്‍ഡി നടപടിയെ ന്യായീകരിച്ച് മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ ഡോ. തോമസ് ഐസക്. ഒരു പരസ്യം കണ്ടിട്ട് ഇത്ര വിരളേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യത്തോടെ തുടങ്ങുന്ന ഫെയ്സ്ബുക്ക് പോസ്റ്റിലാണ് തോമസ് ഐസക് നിലപാട് വ്യക്തമാക്കുന്നത്.

സര്‍ക്കാര്‍ പണം ചെലവിട്ട് പരസ്യം നല്‍കിയെന്ന വിമര്‍ശനത്തിന് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഇതേ ഇനത്തില്‍ ചെലവിട്ട 151 കോടി രൂപയുടെ കണക്ക് ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക് പ്രതിരോധിക്കുന്നത്. കൃത്യമായി രണ്ട് മുന്നണികളുടെ ഭരണകാലങ്ങളെക്കുറിച്ചാണ് പരസ്യത്തില്‍ പറഞ്ഞിരിക്കുന്നത്.
പറയുന്നത് മോശമാണോ പ്രശംസയാണോ എന്നതല്ല, ശരിയാണോ തെറ്റാണോ എന്നതാണ് പ്രശ്നം.

യുഡിഎഫ് ഓടിയൊളിച്ചാലും ഞങ്ങള്‍ പിന്തുടര്ന്നുവന്ന് ഈ ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടേയിരിക്കുമെന്നും, പരാതിയുള്ളവര്‍ നിയമ നടപടി സ്വീകരിക്കട്ടെ എന്നും ”എന്നാല്‍ താന്‍ പോയി കേസ് കൊടുക്ക്” പരാമര്‍ശത്തോടെ തോമസ് ഐസക് പറയുന്നു.

