കൊച്ചി: വിദ്യാർഥിനിയായ ജസ്ലിയയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ഡോ.സിറിയക് ജോർജ് പിടിയിൽ. വാഗമണ്ണിലെ റിസോർട്ടിൽനിന്നാണ് പിടിയിലായത്. അപകടത്തിനുപിന്നാലെ ഒളിവിൽ പോയ ഡോ.സിറിയക്കിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

അപകടം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതില്‍ പോലീസിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അങ്കമാലി ടെൽക്ക് ജംങ്ഷനു സമീപം വച്ചാണ് ഡോ.സിറിയക്കിന്റെ കാർ ജസ്ലിയയെ ഇടിച്ചു തെറിപ്പിച്ചത്. അതിനുശേഷം കാർ നിർത്താതെ പോവുകയായിരുന്നു.
അങ്കമാലി മോണിങ് സ്റ്റാർ ഹോംസയൻസ് കോളജിലെ വിദ്യാർഥിയായിരുന്നു ജസ്ലിയ. പഠനത്തോടൊപ്പം സ്പോർട്സിലും മികവ് പുലർത്തിയ ജസ്ലിയ പാർട്ടൈമായി ജോലി ചെയ്താണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. പാർട്ടൈം ജോലി കഴിഞ്ഞ് കോളജ് ഹോസ്റ്റലിലേക്കു നടന്നു പോകുമ്പോഴായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരുക്കേറ്റ ജസ്ലിയയ്ക്ക് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.

ജസ്ലിയയുടെ അവയവങ്ങള്‍ കുടുംബം ദാനം ചെയ്തിരുന്നു. കരൾ, വൃക്ക, നേത്രപടലം എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. വൃക്കകൾ കോട്ടയം മെഡിക്കൽ കോളേജിലേക്കും കൊച്ചി അമൃത ആശുപത്രിയിലേക്കും നേത്രപടലം ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ രോഗിക്കുമാണ് നൽകിയത്. കരൾ രാജഗിരി ആശുപത്രിയിലേക്കാണ് നൽകിയത്.

