ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ വാർത്താ ചാനലുകൾക്ക് റേറ്റിങ് നൽകുന്ന പ്രവർത്തനങ്ങൾ നാല് ആഴ്ചത്തേക്ക് താത്കാലികമായി നിർത്തിവയ്ക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. റേറ്റിങ് നൽകുന്ന സ്ഥാപനമായ ബാർക്കിനാണ് വാർത്താ വിതരണ മന്ത്രാലയം നിർദ്ദേശം നൽകിയത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ടെലിവിഷൻ റിപ്പോർട്ടിങിൽ അമിതമായ നാടകീയത കടന്നു വരുന്നുവെന്നും അനാവശ്യ പൊതുജന ഉത്കണ്ഠയ്ക്ക് ഇത്തരം റിപ്പോർട്ടിങുകൾ കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

രാജ്യത്തെ നിരവധി ചാനലുകൾ കാഴ്ചക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന തരത്തിലാണ് യുദ്ധത്തിന്റെ വാർത്തകൾ സംപ്രേഷണം ചെയ്യുന്നത്. ഇക്കാര്യങ്ങൾ കേന്ദ്ര നിരീക്ഷിച്ചു വരികയായിരുന്നു. വ്യൂവർഷിപ്പ് ഡാറ്റ പ്രസിദ്ധീകരിക്കുന്നത് താത്കാലികമായി നിർത്തി വയ്ക്കുന്നതിലൂടെ സെൻസേഷണൽ ഉള്ളടക്കം സൃഷ്ടിച്ച് റേറ്റിങ് ഉയർത്താനുള്ള ചാനലുകളുടെ മത്സരം കുറയ്ക്കാൻ സാധിക്കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.
ഒരു മാസത്തേയ്ക്കാണ് നിലവിൽ നിർത്തി വയ്ക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഈ കാലയളവിൽ ചാനലുകൾക്ക് യുദ്ധ വാർത്തകൾ പതിവു പോലെ സംപ്രേഷണം ചെയ്യാം. എന്നാൽ കാഴ്ചക്കാരുടെ എണ്ണം സംബന്ധിച്ച കണക്കുകൾ പുറത്തുവിടാൻ പാടില്ല.

സസ്പെൻഷൻ കാലയളവിലെ വാർത്താ കവറേജുകൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കും. പരിഭ്രാന്തി പരത്തുന്ന തരത്തിലോ പൊതുജനത്തെ ഉത്കണ്ഠപ്പെടുത്തുന്ന തരത്തിലോ വീണ്ടും റിപ്പോർട്ടുകൾ വന്നാൽ റേറ്റിങ് നിരോധനത്തിന്റെ കാലാവധി വീണ്ടും കൂടാനും സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.
