സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അടിസ്ഥാന ശമ്പളം പരിഷ്കരിക്കാൻ സർക്കാർ തീരുമാനം. 28,000 രൂപ ആക്കാനാണ് തീരുമാനം. കരട് നയത്തിൽ അഭിപ്രായങ്ങൾ കേൾക്കാൻ 60 ദിവസത്തെ സമയം അനുവദിക്കും. വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. 800 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ അടിസ്ഥാന ശമ്പളം നാൽപതിനായിരം രൂപയാക്കും. നഴ്സുമാർക്ക് പ്രത്യേക അലവൻസ് അനുവദിക്കും. എല്ലാ സ്വകാര്യ ആശുപത്രി ജീവനക്കാർക്കും ശമ്പളപരിഷ്കരണം.

ശമ്പള വർധനവിനായി സ്വകാര്യ ആശുപത്രി നഴ്സസിന്റെ സമരം തുടരുന്നതിനിടെയാണ് അടിസ്ഥാന ശമ്പളം പരിഷ്കരിക്കാൻ സർക്കാർ തീരുമാനം. മിനിമം വേതനവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിറക്കിയില്ലെങ്കിൽ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.
തിങ്കളാഴ്ചക്കകം മിനിമം വേതനക്കാര്യത്തിൽ സർക്കാർ ഉത്തരവ് ഇറക്കണമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.

ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സസ് ഇന്നലെയും പ്രതിഷേധത്തിലായിരുന്നു. അടിയന്തര സേവനം ഒഴികെയുള്ളവരാണ് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നത്. എമര്‍ജന്‍സി വിഭാഗങ്ങളില്‍ മാത്രമായി നഴ്സസിന്റെ സേവനം ഒതുങ്ങിയതോടെ ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു.

