എറണാകുളം: കഠിനാധ്വാനവും ആത്മവിശ്വാസവും കൈമുതലാക്കി മത്സ്യമേഖലയിൽ സംരംഭകത്വ മികവ് തെളിയിച്ച രണ്ട് തീരദേശ വനിതകൾക്ക് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൻ്റെ (സിഎംഎഫ്ആർഐ) അംഗീകാരം. അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി കൊല്ലം സ്വദേശിനി ഷീജ സിൽവി, എറണാകുളം സ്വദേശിനി കെ എസ് രമാദേവി പ്രമോദ് എന്നിവരെയാണ് സിഎംഎഫ്ആർഐ ആദരിക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ പ്രമുഖ സംരംഭക ഷീല കൊച്ചൗസേപ്പിൽ നിന്ന് ഇരുവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങും.

കൊല്ലം തെക്കുംഭാഗം സെൻ്റ് സെബാസ്റ്റ്യൻ ഐലന്ഡിലെ ഷീജ സിൽവി അഷ്ടമുടിക്കായലിൽ നടത്തുന്ന കല്ലുമ്മക്കായ- കടൽമുരിങ്ങ കൃഷിയിലൂടെയാണ് വിപ്ലവം സൃഷ്ടിച്ചത്. പത്ത് വർഷം മുമ്പ് ഭർത്താവ് സിൽവിക്കൊപ്പം ചെറിയ രീതിയിൽ തുടങ്ങിയ ഈ സംരംഭം ഇന്ന് ലാഭകരമായ ഒരു വാണിജ്യ യൂണിറ്റായി വളർന്നിരിക്കുന്നു.
സിഎംഎഫ്ആർഐയുടെ എസ്ടിഐ (സയൻസ് ടെക്നോളജി ആന്റ് ഇന്നൊവേഷൻ) ഹബ് പദ്ധതി വഴി ലഭിച്ച ശാസ്ത്രീയ പരിശീലനമാണ് തൻ്റെ വിജയത്തിന് പിന്നിലെന്ന് ഷീജ സാക്ഷ്യപ്പെടുത്തുന്നു. ഒരു യൂണിറ്റിൽ നിന്ന് ഒരു ലക്ഷം രൂപ വരെ ലാഭം കൊയ്യുന്ന ഷീജ, തൻ്റെ വിജയത്തോടൊപ്പം അയൽപക്കത്തെ ഒട്ടേറെ സ്ത്രീകൾക്ക് തൊഴിൽ നൽകാനും ശ്രദ്ധിക്കുന്നു. നിരവധി വനിതാ സ്വയംസഹായ ഗ്രൂപ്പുകളെ ഈ മേഖലയിലേക്ക് കൈപിടിച്ചുയർത്തുന്നതിൽ ഇവർ നിർണായക പങ്കുവഹിക്കുന്നു.
എറണാകുളം നായരമ്പലം സ്വദേശിനിയായ രമാദേവി പ്രമോദ് അലങ്കാരമത്സ്യ കൃഷിയിലാണ് മികവ് തെളിയിച്ചത്. പത്ത് വർഷം മുമ്പ് ഒരു വിനോദമായി തുടങ്ങിയ മീൻവളർത്തൽ, 2022-ൽ സിഎംഎഫ്ആർഐയുടെ എസ്ടിഐ ഹബ് പദ്ധതിയുടെ ഭാഗമായതോടെ ഒരു വലിയ സംരംഭമായി മാറി. ഇന്ന് ഇവരുടെ ഫാമിൽ വൈവിധ്യമാർന്ന അലങ്കാരമത്സ്യങ്ങളുടെ ശേഖരമുണ്ട്. കൃഷിക്ക് പുറമെ വിത്തുൽപാദനത്തിലും രമാദേവി വൈദഗ്ധ്യം നേടിയിട്ടുണ്ട്. സർക്കാർ സ്ഥാപനമായ ‘കാവിൽ’ വഴിയും നേരിട്ടും നടത്തുന്ന വിപണനത്തിലൂടെ ആഴ്ചയിൽ ശരാശരി 5,000 രൂപയോളം വരുമാനം ഇവർ നേടുന്നു. ഭർത്താവ് പ്രമോദിൻ്റെ പൂർണ പിന്തുണയും ഈ വിജയത്തിന് പിന്നിലുണ്ട്.

