ആലപ്പുഴ: മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്നുള്ള ഭീഷണി മൂലം ആലപ്പുഴയില്‍ ജീവനൊടുക്കിയ ഗൃഹനാഥന്റെ മൃതദേഹവുമായി ബിജെപി പ്രതിഷേധം.

കായംകുളം മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഓഫീസിന് മുന്‍പിലാണ് ബിജെപിയുടെ പ്രതിഷേധം. മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഓഫീസിന്റെ ഗെയ്റ്റ് തള്ളിത്തുറന്ന് പ്രതിഷേധക്കാര്‍ മൃതദേഹവുമായി കോമ്പൗണ്ടിനുള്ളിൽ കടന്നു.
ജൂലൈ 1 നാണ് ഗൃഹനാഥനായ ശശി ആത്മഹത്യ ചെയ്യുന്നത്. പണമിടപാട് സ്ഥാപനത്തിലെ തിരിച്ചടവ് മുടങ്ങിയപ്പോൾ ജീവനക്കാർ ശശിയെ ഭീഷണിപ്പടുത്തിയിരുന്നു. ഇതിൽ മനംനൊന്തായിരുന്നു ആത്മഹത്യ. മുത്തൂറ്റ് താമരക്കുളം, മിനി മുത്തൂറ്റ് കുറുത്തിയാട് എന്നീ സ്ഥാപനങ്ങളിൽ നിന്ന് ശശി ഒന്നേകാൽ ലക്ഷം രൂപയോളം വായ്പയെടുത്തിരുന്നു. എല്ലാ ആഴ്ചയും ശശി കൃത്യമായി പണം തിരിച്ചടക്കുന്നുമുണ്ടായിരുന്നു. ഇതിനിടയിൽ ഒരാഴ്ച മാത്രം അടവ് മുടങ്ങി.

ഇതോടെ സ്ഥാപനത്തിന്റെ പ്രതിനിധികൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ഇതിൽ അസ്വസ്ഥനായ ശശി മുറിയിൽ കയറി കതകടയ്ക്കുകയായിരുന്നു. ശേഷമാണ് ആത്മഹത്യ ചെയ്തത്.

