കുട്ടനാട്: മദ്യലഹരിയില്‍ വൈദ്യുതി വകുപ്പിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് വിളിച്ച് വ്യാജ പരാതി അറിയിച്ചയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്കി. കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെ പുളിങ്കുന്നിലാണ് സംഭവം. വ്യാജ പരാതി കാരണം രണ്ടായിരത്തോളം വീട്ടുകാര്‍ രണ്ട് മണിക്കൂറോളം ഇരുട്ടിലായി.

കാവാലം മൂര്‍ത്തിനട ഭാഗത്ത് വൈദ്യുതിക്കമ്പി പൊട്ടിക്കിടക്കുന്നുവെന്നും എത്രയും വേഗം പരിഹരിക്കണമെന്നുമായിരുന്നു ഇയാള്‍ മദ്യലഹരിയില്‍ വകുപ്പിനെ അറിയിച്ചത്. വൈദ്യതിക്കമ്പി പൊട്ടിവീണതിനെത്തുടര്‍ന്ന് തുടര്‍ച്ചയായുണ്ടായ അപകടങ്ങളില്‍ ജാഗരൂകരായ ജീവനക്കാര്‍ പ്രദേശത്തേക്ക് എത്തുകയായിരുന്നു. അതിനിടെ മങ്കൊമ്പു മുതല്‍ കാവാലം വരെയുള്ള ഭാഗത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. എന്നാല്‍ മേഖലയാകെ പരിശോധിച്ചിട്ടും പൊട്ടി കമ്പി ജീവനക്കാര്‍ കണ്ടെത്താനായിരുന്നില്ല.
പൊട്ടിയ കമ്പി തിരക്കി വലഞ്ഞതോടെ ജീവനക്കാര്‍ പഞ്ചായത്ത് മെമ്പര്‍മാരെ വിളിക്കുകയായിരുന്നു. എന്നാല്‍ ആര്‍ക്കുംതന്നെ വൈദ്യുതി കമ്പി പൊട്ടിയതിനെത്തുടര്‍ന്ന് അറിവുണ്ടായിരുന്നില്ല. പരാതി ലഭിച്ച നമ്പറിലേക്ക് തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ എടുക്കുന്നുമുണ്ടായിപുന്നില്ല. ഒടുക്കം മെമ്പറുടെ നമ്പറില്‍ നിന്നും പരാതിക്കാരന്റെ നമ്പറിലേക്ക് വിളിച്ചപ്പോഴാണ് മദ്യപന് ഫോണെടുത്തത്.

അപ്പോഴേക്കും സ്ഥലത്ത് പൊലീസും എത്തിയിരുന്നു. അതേസമയം കമ്പി പൊട്ടിയെന്നുവിളിച്ചുപറഞ്ഞത് തമാശയ്ക്കാണെന്നാണ് മദ്യപന് പൊലീസിനോട് പറഞ്ഞത്. കാര്യങ്ങള്‍ ഇത്രയും വഷളാകുമെന്ന് കരുതിയില്ലെന്നും വ്യക്തമാക്കി

