ന്യൂഡൽഹി ∙ ദേശീയ പാതയോരത്തെ ഹോട്ടലും പെട്രോൾ പമ്പുകളുമടക്കമുള്ള സ്ഥാപനങ്ങൾക്ക് റേറ്റിങ് നൽകാൻ ആപ്പുമായി ഗതാഗത മന്ത്രാലയം. യാത്രക്കാർ നൽകുന്ന റേറ്റിങ് അനുസരിച്ചാവും ഇത്തരം സ്ഥാപനങ്ങൾക്ക് ലൈസൻസ് അടക്കമുള്ള അനുമതികൾ തുടർന്ന് ലഭ്യമാകുക. ദേശീയ പാതകളിലൂടെ യാത്ര ചെയ്യുന്നവർക്ക് മികച്ച സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി ഗതാഗത മന്ത്രാലയം നടപ്പാക്കുന്ന ‘ഹംസഫർ’ പോളിസിയുടെ’ ഭാഗമാണ് റേറ്റിങ്.

ദേശീയ പാതയിൽ 950 പുതിയ വഴിയോര കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു. ഓരോ 60 കിലോമീറ്ററിലുമാണ് ഇവ സ്ഥാപിക്കുക. പെട്രോൾ പമ്പ്, ഹോട്ടൽ, ശുചിമുറി, പാർക്കിങ് സ്ഥലം, ഇലക്ട്രിക് ചാർജിങ് പോയിന്റ് തുടങ്ങിയ സൗകര്യങളുണ്ടാകും. മന്ത്രാലയം പുറത്തിറക്കുന്ന ‘രാജ്മാർഗ് യാത്ര’ എന്ന മൊബൈൽ ആപ് വഴി ഈ കേന്ദ്രങ്ങളെ ബന്ധിപ്പിക്കും. കൂടാതെ, ദേശീയ പാതയോരത്ത് നിലവിലുള്ള സ്ഥാപനങ്ങൾക്കും ആപ്പിൽ റജിസ്റ്റർ ചെയ്യാം.
ഈ സ്ഥാപനങ്ങളിൽ എത്തുന്ന യാത്രക്കാരുടെ അഭിപ്രായം അനുസരിച്ച് ഓരോ മാസവും റേറ്റിങ് പുറത്തുവിടും. 5 സ്റ്റാർ വരെ റേറ്റിങ് നേടാം. തുടർച്ചയായി 3 മാസം 2 സ്റ്റാർ റേറ്റിങ്ങിനു താഴെയായാൽ ദേശീയ പാതാ അധികൃതർ പരിശോധന നടത്തുകയും നിലവാരമില്ലെന്ന് കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുകയും ചെയ്യും.

തുടർച്ചയായി 3 സ്റ്റാർ റേറ്റിങ്ങിനു മുകളിൽ നേടിയാൽ ഹൈവേ ഫ്രീ ആക്സസ്, ഹൈവേയിൽ സൗജന്യ പരസ്യം, ലൈസൻസ് തുകയിൽ ഇളവ്, ഹൈവേ അതോറിറ്റിയുടെ ഔദ്യോഗിക ബ്രാൻഡിങ് തുടങ്ങി വിവിധ ഓഫറുകളും മന്ത്രാലയം നൽകുന്നുണ്ട്. ഓരോ സ്ഥാപനങ്ങളും പാലിക്കേണ്ട നിലവാരവും സൗകര്യങ്ങളും ‘ഹംസഫർ പോളിസിയുടെ’ ഭാഗമായി മന്ത്രാലയം പുറത്തിറക്കി.

