ഒരിക്കൽ ന്യൂയോർക്കിൽ രത്തൻ ടാറ്റയുമൊന്നിച്ച് അദ്ദേഹത്തിന്റെ സ്വന്തം ഹോട്ടലായ താജിൽ പ്രഭാതഭക്ഷണം കഴിച്ച അനുഭവം അസുലഭവും അതിശയകരവുമായിരുന്നു. താജ് ഹോട്ടലിലെ ഒരു ജീവനക്കാരനോടു പോലും താനാരെന്ന് അദ്ദേഹം അറിയിച്ചില്ല. ഭക്ഷണത്തിന്റെ പണം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു നൽകുകയും ചെയ്തു.

ലാളിത്യവും സരസമായ സംഭാഷണമായിരുന്നു പ്രാതലിനിടെ. അന്നു വൈകിട്ട് എന്റെ കുടുംബത്തോടൊപ്പം യാദൃശ്ചികമായി അദ്ദേഹത്തെ മറ്റൊരു ഹോട്ടലിൽ വച്ച് വീണ്ടും കണ്ടപ്പോൾ, ‘നിങ്ങൾ എന്നെയാണോ, അതോ ഞാൻ നിങ്ങളെയാണോ പിന്തുടരുന്നതെന്ന്’ അദ്ദേഹം തമാശ പറഞ്ഞു. ഏതു സമ്മർദ സാഹചര്യത്തിലും ചെറുതമാശയിലൂടെ അന്തരീക്ഷം തണുപ്പിക്കാൻ അദ്ദേഹത്തിനാകുമെന്നു കേട്ടിരുന്നത് സത്യമാണെന്നു ബോധ്യമായി. അതിലൊക്കെ ഉപരി രാജ്യപുരോഗതിക്കായി സമർപ്പിത ജീവിതം നയിച്ച വ്യക്തി എന്ന നിലയിലാവും രത്തൻ ടാറ്റ ഓർമിക്കപ്പെടുക.

