പൊതുമേഖലാ എണ്ണവിതരണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ) ഒരുക്കുന്ന പുതിയ റിഫൈനറിയിൽ സൗദി അറേബ്യയും പങ്കാളിയായേക്കും. 50,000 കോടി രൂപ നിക്ഷേപത്തോടെയാണ് ബിപിസിഎൽ പുത്തൻ റിഫൈനറി സ്ഥാപിക്കുന്നതെന്നും ഇതിനുള്ള സ്ഥലം സംബന്ധിച്ച് പരിശോധനകൾ നടക്കുകയാണെന്നും ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആന്ധ്രപ്രദേശിലോ ഉത്തർപ്രദേശിലെ പ്രയാഗിലോ റിഫൈനറി സ്ഥാപിക്കുമെന്നാണ് സൂചനകൾ. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി ബിപിസിഎൽ അധികൃതർ അടുത്തിടെ ചർച്ചകൾ നടത്തിയിരുന്നു.

നിലവിൽ മുംബൈ, കൊച്ചി, മധ്യപ്രദേശിലെ ബിന എന്നിവിടങ്ങളിലാണ് ബിപിസിഎല്ലിന് റിഫൈനറികളുള്ളത്. എണ്ണ സംസ്കരണം, ഇന്ധന വിതരണം, പെട്രോകെമിക്കൽ, ഹരിതോർജ മേഖലകളിലായി അടുത്ത 5 വർഷത്തിനകം ബിപിസിഎൽ 1.7 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജി. കൃഷ്ണകുമാർ അടുത്തിടെ പറഞ്ഞിരുന്നു.
Image Credit: Ahmed Darwish/istock.com

ഇതിൽ 75,000 കോടി രൂപ റിഫൈനറി വിപുലീകരണത്തിനും പെട്രോകെമിക്കൽ പദ്ധതികൾക്കുമായിരിക്കും. ഇന്ധന വിതരണം മെച്ചപ്പെടുത്താൻ 20,000 കോടി രൂപയും ഹരിതോർജ മേഖലയിലെ ബിസിനസ് വിപുലപ്പെടുത്താൻ 10,000 കോടി രൂപയും വിനിയോഗിച്ചേക്കും. വാതക വിതരണ മേഖലയ്ക്കായി 25,000 കോടി രൂപ നീക്കിവയ്ക്കും. വാതക പൈപ്പ്ലൈൻ പദ്ധതിക്കായി 8,000 കോടി രൂപയും മാറ്റിവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയിലെ ഊർജോൽപാദനം, റിഫൈനിങ്, പെട്രോകെമിക്കല്‍ മേഖലകളിൽ 100 ബില്യൺ ഡോളറിന്റെ (ഏകദേശം 8.5 ലക്ഷം കോടി രൂപ) നിക്ഷേപത്തിന് താൽപര്യമുണ്ടെന്ന് 2019ൽ സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ബിപിസിഎല്ലിന്റെ പദ്ധതിയിലും നിക്ഷേപത്തിനുള്ള ചർച്ചകളെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ബിപിസിഎൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
