
സ്വർണാഭരണം (gold) വാങ്ങാനാഗ്രഹിക്കുന്നവർക്ക് വൻ ആശ്വാസം സമ്മാനിച്ച് ഇന്നു വിലയിൽ (gold price today) കനത്ത ഇടിവ്. ഗ്രാമിന് (gold rate) ഒറ്റയടിക്ക് 195 രൂപ കുറഞ്ഞ് വില 8,610 രൂപയും പവന് 1,560 രൂപ താഴ്ന്ന് 68,880 രൂപയുമായി (Kerala gold price).

കഴിഞ്ഞ ഏപ്രിൽ 11ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന വിലയാണിത്. രാജ്യാന്തര വിലയുടെ തകർച്ചയാണ് കേരളത്തിലും പ്രതിഫലിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പുവരെ ഔൺസിന് 3,500 ഡോളർ എന്ന റെക്കോർഡിലായിരുന്ന രാജ്യാന്തര വില ഇന്നൊരുഘട്ടത്തിൽ ഒരുമാസത്തെ താഴ്ചയായ 3,149.18 ഡോളറിലേക്ക് ഇടിഞ്ഞു. നിലവിൽ വ്യാപാരം നടക്കുന്നത് 3,150.66 ഡോളറിൽ.
കഴിഞ്ഞമാസം 22ന് കേരളത്തിൽ പവൻവില 74,320 രൂപയും ഗ്രാം വില 9,290 രൂപയുമെന്ന റെക്കോർഡ് കുറിച്ചിരുന്നു. തുടർന്ന് ഇതിനകം പവന് 5,440 രൂപയും ഗ്രാമിന് 680 രൂപയും കുറഞ്ഞു. 18 കാരറ്റ് സ്വർണം, െവള്ളിവിലകളിലും ഇന്നു കുറവുണ്ട്. ചില അസോസിയേഷനു കീഴിലെ കടകളിൽ 18 കാരറ്റിനു വില ഗ്രാമിന് 160 രൂപ താഴ്ന്ന് 7,095 രൂപയാണ്. മറ്റു ചില കടകളിൽ 160 രൂപ തന്നെ കുറഞ്ഞ് 7,060 രൂപ. സ്വർണവില നിർണയത്തിൽ അസോസിയേഷനുകൾക്കിടയിൽ ഭിന്നതയുള്ളതാണ് വില വേറിട്ടുനിൽക്കാൻ കാരണം.
വെള്ളിവില എല്ലാ കടകളിലും ഒരു രൂപ കുറഞ്ഞ് ഗ്രാമിന് 107 രൂപയിലെത്തി. കനംകുറഞ്ഞ (ലൈറ്റ്വെയ്റ്റ്) ആഭരണങ്ങളും വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാനുപയോഗിക്കുന്നതാണ് 18 കാരറ്റ് സ്വർണം.
