ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി ഇപ്പോള്‍ ആധാര്‍ മാറിയിട്ടുണ്ട്. സര്‍ക്കാരിന്റെ അടക്കം എല്ലാ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കും ആധാര്‍ ചോദിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനായാലും സിം കാര്‍ഡ് എടുക്കുന്നതിനായാലും സര്‍ക്കാര്‍ പദ്ധതികള്‍ക്ക് അപേക്ഷിക്കുന്നതിനായാലും എല്ലായിടത്തും ആധാറിന്റെ പകര്‍പ്പ് ആവശ്യമാണ്.

നിലവില്‍ യുഐഡിഎഐയുടെ വെബ്സൈറ്റ് സന്ദര്‍ശിച്ചോ ഡിജിലോക്കര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്തോ ആണ് ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നത്. ഈ പ്രക്രിയ പലര്‍ക്കും അല്‍പ്പം ബുദ്ധിമുട്ടുള്ളതാണ്. ഇപ്പോള്‍, യുഐഡിഎഐ ഈ പ്രക്രിയ ലളിതമാക്കിയിരിക്കുകയാണ്. ആധാര്‍ കാര്‍ഡിന്റെ പിഡിഎഫ് പകര്‍പ്പ് ഇപ്പോള്‍ വാട്സ്ആപ്പില്‍ നിന്ന് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.
ഉപയോക്താക്കള്‍ യുഐഡിഎഐയുടെ വാട്സ്ആപ്പ് നമ്പറായ +91-9013151515 എന്ന നമ്പറിലേക്ക് ‘ഹായ്’ എന്ന് അയച്ചാല്‍ മതി. ഇത് ആധാറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ക്കുള്ള ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന ഒരു ഓട്ടോമേറ്റഡ് ചാറ്റ് ആരംഭിക്കും. ആദ്യം, ഡിജിലോക്കര്‍ ഓപ്ഷന് തെരഞ്ഞെടുക്കുക. ഉടന്‍ തന്നെ ഡിജിലോക്കര്‍ ഉപയോഗിച്ച് ഒരു അക്കൗണ്ട് സൃഷ്ടിക്കുന്നത് സ്ഥിരീകരിക്കാന്‍ ആവശ്യപ്പെടും. ഡിജിലോക്കര്‍ അക്കൗണ്ട് വിജയകരമായി സൃഷ്ടിച്ചുകഴിഞ്ഞാല്‍, 12 അക്ക ആധാര്‍ തിരിച്ചറിയല്‍ നമ്പര്‍ നല്‍കേണ്ടതുണ്ട്. ആധാര്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് നല്കിയ മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് വഴി ഒരു ഒടിപി ലഭിക്കും.

ഐഡന്റിറ്റി പരിശോധിക്കാന്‍ ഈ ഒടിപി ആവശ്യമാണ്.പരിശോധിച്ചുറപ്പിച്ചതിന് ശേഷം, ആധാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും ഒരു ലിസ്റ്റ് ദൃശ്യമാകും. തുടര്‍ന്ന് പിഡിഎഫ് ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആധാര്‍ എന്ന ഓപ്ഷന് തെരഞ്ഞെടുക്കുന്നതോടെ നടപടിക്രമം പൂര്‍ത്തിയാകും.

ഈ സേവനം ഒരേ സമയം ഒരു പിഡിഎഫ് അല്ലെങ്കില്‍ ഡോക്യുമെന്റ് മാത്രമേ ഡൗണ്‍ലോഡ് ചെയ്യാന്‍ അനുവദിക്കുന്നുള്ളൂ. വാട്സ്ആപ്പ് ഡൗണ്‍ലോഡ് ഓപ്ഷന് ഉപയോഗിക്കുന്നതിന് മുമ്പ് ആധാര്‍ നമ്പര്‍ ഡിജിലോക്കറുമായി ലിങ്ക് ചെയ്തിരിക്കേണ്ടതും ആവശ്യമാണ്. എന്നിരുന്നാലും, ആധാര്‍ ഡിജിലോക്കര്‍ അക്കൗണ്ടില്‍ കാണിക്കുന്നില്ലെങ്കില്‍, വാട്സ്ആപ്പ് ഫീച്ചര്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഡിജിലോക്കര്‍ ആപ്പ് വഴിയോ ഔദ്യോഗിക വെബ്സൈറ്റിലോ അത് അവിടെ ലിങ്ക് ചെയ്യാവുന്നതാണ്.
