മുംബൈ: ടാറ്റ സണ്‍സ് ചെയര്മാന് സ്ഥാനത്ത് എന്‍ ചന്ദ്രശേഖരന് മൂന്നാം തവണയും തുടരാന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം വൈകിയേക്കും. ഇന്നലെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നത് നീട്ടിവെച്ചു. അടുത്ത വര്‍ഷം ഫെബ്രുവരി വരെയാണ് ചെയര്മാന് സ്ഥാനത്ത് ചന്ദ്രശേഖരന്റെ കാലാവധി. 2017 മുതല്‍ ടാറ്റ സണ്‍സിന്റെ തലപ്പത്തുള്ള ചന്ദ്രശേഖരന് ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളില്‍ മികച്ച രീതിയിലുള്ള മാറ്റം കൊണ്ടുവന്നിരുന്നു. എന്നാല്‍ അടുത്തിടെ കമ്പനിയില്‍ ഉണ്ടായ അധികാര തര്‍ക്കങ്ങളാണ് ചന്ദ്രശേഖരന്റെ പുനര്‍ നിയമനത്തെയും ബാധിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അടുത്ത അഞ്ച് വര്‍ഷത്തേക്കു കൂടി ചെയര്മാന് സ്ഥാനത്ത് ചന്ദ്രശേഖരനെ തുടരാന്‍ അനുവദിക്കുന്ന തീരുമാനം ഇന്നലത്തെ യോഗത്തില്‍ ഉണ്ടാകുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. എന്നാല്‍ ടാറ്റ ട്രസ്റ്റ്സ് ചെയര്മാന് നോയല്‍ ടാറ്റ ഉയര്‍ത്തിയ ചില എതിര്‍പ്പുകളാണ് ചന്ദ്രശേഖരന് തിരിച്ചടിയായത്. ടാറ്റ ഗ്രൂപ്പിന് കീഴിലെ ചില കമ്പനികളിലെ നഷ്ടം ചൂണ്ടിക്കാട്ടിയ നോയല്‍, ടാറ്റ സണ്‍സ് ഒരിക്കലും വിപണിയില്‍ ലിസ്റ്റ് ചെയ്യില്ലെന്ന് ചന്ദ്രശേഖരന് രേഖാമൂലം ഉറപ്പു നല്‍കണമെന്നും ആവശ്യപ്പെട്ടു.
സാധാരണയായി ടാറ്റ സണ്‍സിന്റെ ഓഹരി ഉടമകളും ബോര്‍ഡും ഒരു വര്‍ഷം മുന്‍പ് തന്നെ ചെയര്‍മാന്റെ പുനര്‍നിയമനം/നിയമനം അംഗീകരിക്കുന്നതാണ് പതിവ്. സ്ഥിരതയും തുടര്‍ച്ചയും ഉറപ്പാക്കുന്നതിനോ തന്ത്രം ആസൂത്രണം ചെയ്യാനോ മതിയായ സമയം നല്‍കുന്നതിന് വേണ്ടിയാണ് ഒരു വര്‍ഷം മുന്‍പ് തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. പുനര്‍നിയമനം ഉറപ്പാക്കാന്‍ നോയല്‍ ടാറ്റ ചന്ദ്രശേഖരന് മുമ്പാകെ നാല് ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു.

ആര്‍ബിഐ ആവശ്യപ്പെട്ടതുപോലെ ടാറ്റ സണ്‍സിനെ ലിസ്റ്റ് ചെയ്യരുത് എന്നതാണ് ഒന്ന്. രണ്ടാമതായി, കമ്പനിയില്‍ കടമില്ലെന്ന് ഉറപ്പാക്കണം. മൂന്നാമതായി, ഉയര്‍ന്ന അപകടസാധ്യതയുള്ള നിക്ഷേപങ്ങളിലെ അമിത മൂലധനം കാരണം കമ്പനിയുടെ ഖജനാവ് കാലിയാകുന്നില്ലെന്ന് അദ്ദേഹം ഉറപ്പാക്കണം. നാലാമതായി, എയര്‍ ഇന്ത്യ, ബിഗ് ബാസ്ക്കറ്റ് ഏറ്റെടുക്കലുകള്‍ എന്നിവയില്‍ നിന്നുള്ള ആഴത്തിലുള്ള നഷ്ടങ്ങള്‍ അദ്ദേഹം നികത്തണം എന്നിങ്ങനെയാണ് നോയല്‍ ടാറ്റ ചന്ദ്രശേഖരന് മുമ്പാകെ ഉന്നയിച്ച ആവശ്യങ്ങള്‍.

ഈ വാദത്തോട് യോഗത്തില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നു. ഏതെങ്കിലും ചില കമ്പനികളിലെ നഷ്ടം ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള പ്രകടനമായി പരിഗണിക്കരുതെന്നായിരുന്നു മറുഭാഗത്തിന്റെ ആവശ്യം. ചന്ദ്രശേഖരന് ഇത്രയും കാലം ടാറ്റ ഗ്രൂപ്പിന് ചെയ്ത സേവനം മറക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. പുനര്‍ നിയമനത്തില്‍ വോട്ടെടുപ്പ് നടത്താമെന്ന നിര്‍ദേശം ഉയര്‍ന്നെങ്കിലും തീരുമാനം മാറ്റിവെക്കാന്‍ ചന്ദ്രശേഖരന് തന്നെ ആവശ്യപ്പെടുകയായിരുന്നു. റിപ്പോര്‍ട്ടുകളോട് ടാറ്റ സണ്‍സ് പ്രതികരിച്ചിട്ടില്ല.
ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, എയര്‍ ഇന്ത്യ തുടങ്ങി മുപ്പതോളം ടാറ്റ കമ്പനികളുടെ നിയന്ത്രണം ടാറ്റ സണ്‍സ് എന്ന ഹോള്‍ഡിങ് കമ്പനിക്കാണ്. ടാറ്റ സണ്‍സിന്റെ 66 ശതമാനം ഓഹരിയും ടാറ്റ ട്രസ്റ്റ്സ് എന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുമാണ്. രത്തന്‍ ടാറ്റയുടെ മരണത്തിന് പിന്നാലെ അടുത്തിടെ ടാറ്റ ട്രസ്റ്റിലെ അധികാര തര്‍ക്കം വലിയ വാര്‍ത്തയായിരുന്നു.
