ഓരോ വര്‍ഷവും തുച്ഛമായ തുക മുടക്കിയാല്‍ ലക്ഷങ്ങള്‍ പരിരക്ഷ ഉറപ്പാക്കുന്ന ഒരു ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന. സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളെ പരിരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ഉറപ്പാക്കുന്ന ഒരു മികച്ച ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഇത്. ഓരോ വര്‍ഷവും വെറും 20 രൂപ മുടക്കിയാല്‍ രണ്ടു ലക്ഷം രൂപ വരെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്ന സ്കീമാണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന. ഈ സ്കീം 2015ല്‍ ആരംഭിച്ചതാണ്.

ഇന്‍ഷ്വര്‍ ചെയ്ത വ്യക്തി അപകടത്തില്‍ മരിച്ചാല്‍ മുഴുവന്‍ തുകയും നോമിനിക്ക് ലഭിക്കും. അപകടത്തില്‍ ഭാഗികമായി അംഗവൈകല്യം സംഭവിച്ചാല്‍ 1 ലക്ഷം രൂപ വരെ ക്ലെയിം ചെയ്യാം. പൂര്‍ണ്ണമായും വൈകല്യം സംഭവിച്ചിട്ടുണ്ടെങ്കില്‍ രണ്ടു ലക്ഷം വരെ പരിരക്ഷ ഉറപ്പാക്കാം.
20 രൂപയെന്ന വാര്‍ഷിക പ്രീമിയം ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോ ഡെബിറ്റ് ചെയ്യപ്പെടും. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം 20 രൂപ അടച്ചാല്‍ മതി.18 നും 70 നും ഇടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും സര്‍ക്കാരിന്റെ ഈ സ്കീമില്‍ അപേക്ഷിക്കാം.

വരുമാന പരിധി ആവശ്യമില്ല. ബാങ്കുകള്‍ വഴിയോ, പോസ്റ്റ് ഓഫീസ് വഴിയോ പദ്ധതിയില്‍ ചേരാം. അപേക്ഷകന്റെ കൈവശം ആധാര്‍ കാര്‍ഡ് ഉണ്ടായിരിക്കണം. ഏതെങ്കിലും ബാങ്കില്‍ അക്കൗണ്ടും ഉണ്ടാവണം.

