ന്യൂഡൽഹി∙ ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പക്കലുണ്ടായിരുന്ന 102 ടൺ സ്വർണം കൂടി ഏപ്രിൽ–സെപ്റ്റംബർ കാലയളവിൽ റിസർവ് ബാങ്ക് ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു. ആർബിഐയുടെ കരുതൽ ശേഖരമായി ഇന്ത്യ ഇംഗ്ലണ്ടിൽ നിക്ഷേപിച്ച സ്വർണമാണിത്. കഴിഞ്ഞ സാമ്പത്തികവർഷം 100 ടൺ കൊണ്ടുവന്നിരുന്നു. ഔദ്യോഗിക കണക്കുപ്രകാരം ആർബിഐയുടെ പക്കലുള്ള 855 ടൺ സ്വർണത്തിൽ 510.5 ടൺ (ഏകദേശം 60%) നിലവിൽ ഇന്ത്യയിലെ ലോക്കറുകളിലുണ്ട്. ബാക്കിയാണ് വിദേശത്തുള്ളത്.
അതീവ രഹസ്യമായി കനത്ത സുരക്ഷാ ക്രമീകരണത്തോടെയാണ് പ്രത്യേക വിമാനത്തിൽ സ്വർണം കൊണ്ടുവരുന്നത്. എത്തിച്ച സ്വർണം മുംബൈയിലും നാഗ്പുരിലുമായിട്ടാണ് സൂക്ഷിക്കുന്നത്.വിദേശത്തെ സ്വർണശേഖരം കൂടിവരുന്ന സാഹചര്യത്തിൽ നല്ലൊരു ഭാഗം ഇന്ത്യയിലേക്ക് മാറ്റാനുള്ള ആർബിഐ തീരുമാനത്തിന്റെ ഭാഗമായാണ് സ്വർണത്തിന്റെ വരവ്. വരും മാസങ്ങളിലും കൂടുതൽ സ്വർണം ആർബിഐ എത്തിച്ചേക്കും. 1991ൽ ചന്ദ്രശേഖർ പ്രധാനമന്ത്രിയായിരുന്ന കാലത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനും ബാങ്ക് ഓഫ് ജപ്പാനുമായി ഇന്ത്യ സ്വർണം പണയം വച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
15 വർഷം മുൻപ് മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് രാജ്യാന്തര നാണ്യ നിധിയിൽ നിന്ന് 670 കോടി ഡോളർ മൂല്യമുള്ള 200 ടൺ സ്വർണം ഇന്ത്യ വാങ്ങി. അതിനു ശേഷം കഴിഞ്ഞ 7 വർഷമായി ആർബിഐ സ്ഥിരമായി സ്വർണം വാങ്ങുന്നുണ്ട്. വിദേശനാണ്യ മൂല്യം വർധിപ്പിക്കുക, പണപ്പെരുപ്പം മൂലമുള്ള ആഘാതം ഒഴിവാക്കുക, വിദേശനാണ്യ ഇടപാടുകളിലെ അപകടങ്ങൾ കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളുടെ ഭാഗമായിട്ടാണ് കേന്ദ്ര ബാങ്കുകൾ സ്വർണം കരുതൽ ശേഖരമായി വയ്ക്കുന്നത്.