ന്യൂഡൽഹി ∙ തേജസ് യുദ്ധവിമാനങ്ങൾക്കുള്ള എൻജിൻ ലഭ്യമാക്കാൻ വൈകിയ യുഎസ് കമ്പനിക്കു പിഴ ചുമത്തിയേക്കും. തദ്ദേശീയ യുദ്ധവിമാനം ‘തേജസ് എംകെ1എ’ നിർമിക്കാനുള്ള എഫ്404–ഐഎൻ20 എൻജിനുകൾ ലഭ്യമാക്കേണ്ടിയിരുന്നതു യുഎസ് കമ്പനിയായ ജനറൽ ഇലക്ട്രിക്ക്(ജിഇ) ആയിരുന്നു. ആദ്യ എൻജിൻ ലഭ്യമാക്കുന്നത് അടുത്ത വർഷം ഏപ്രിലിലേക്കു മാറ്റിയതിനു പിന്നാലെയാണു നടപടികളെക്കുറിച്ച് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്(എച്ച്എഎൽ) ആലോചിക്കുന്നത്.
കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും ജിഇയും തമ്മിൽ 71.6 കോടി ഡോളറിന്റെ കരാർ 2021ലാണ് ഒപ്പിട്ടത്. 99 എൻജിനുകൾക്കുള്ള കരാർ അനുസരിച്ച് ആദ്യത്തേതു കഴിഞ്ഞ വർഷം മാർച്ച്/ഏപ്രിലിൽ ലഭ്യമാക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതാണു രണ്ടു വർഷത്തോളം വൈകുന്നത്.
എൻജിൻ ലഭ്യമാക്കാൻ വൈകിയാൽ പിഴ ചുമത്താമെന്നതു കരാർ വ്യവസ്ഥയാണെന്നും ഇതനുസരിച്ചുള്ള നടപടി സ്വീകരിക്കുമെന്നുമാണ് ബന്ധപ്പെട്ടവർ നൽകുന്ന വിവരം. അതേസമയം ജിഇയ്ക്കെതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുമെന്ന വാർത്തകൾ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു. എച്ച്എഎല്ലും ജിഇയും തമ്മിലാണു കരാർ എന്നും നടപടികളുമായി ബന്ധപ്പെട്ട ശുപാർശകളൊന്നും കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലില്ലെന്നുമാണു മന്ത്രാലയത്തിന്റെ വിശദീകരണം. എൻജിൻ വൈകുന്നതു തേജസിന്റെ നിർമാണത്തെ ബാധിച്ചിരുന്നു. വ്യോമസേനയും വിഷയത്തിൽ ആശങ്ക ഉയർത്തിയിരുന്നു. അടുത്തിടെ യുഎസ് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും വിഷയം ഉന്നയിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
വ്യോമസേനയ്ക്ക് മൾട്ടിറോൾ യുദ്ധവിമാനങ്ങൾ വാങ്ങാൻ പദ്ധതി
വ്യോമസേനയ്ക്കു വേണ്ടി 113 മൾട്ടിറോൾ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ. പദ്ധതിയുടെ അന്തിമ രൂപം വൈകാതെ നൽകുമെന്നും വിമാനങ്ങൾക്കായി കരാർ ക്ഷണിക്കുമെന്നുമാണു കേന്ദ്രസർക്കാർ നൽകുന്ന വിവരം. യുദ്ധവിമാനങ്ങളുടെ 42 സ്ക്വാഡ്രനുകൾക്കാണ് അനുമതിയുള്ളത്. എന്നാൽ നിലവിൽ 31 സ്ക്വാഡ്രനുകൾ മാത്രമാണു പ്രവർത്തിക്കുന്നത്. മിഗ് 21 ബൈസൻ യുദ്ധവിമാനങ്ങളുടെ അവശേഷിക്കുന്ന 2 സ്ക്വാഡ്രനുകൾ കൂടി പിൻവലിക്കുന്നതോടെ ബലം വീണ്ടും കുറയും. ഈ സാഹചര്യത്തിലാണു അതിവേഗത്തിലുള്ള നടപടികൾ.