കേരളാ നാഷണൽ സേവിങ്സ് സർവീസിൽ അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിൽ വിവിധ രീതികളിൽ നിയമനം നടത്തുന്നതിന് കേരളാ പബ്ലിക് സർവീസ് കമ്മീഷൻ (പി എസ് സി) അപേക്ഷ ക്ഷണിച്ചു. നേരിട്ടും തസ്തികമാറ്റം വഴിയുമുള്ള ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

നിലവിൽ മൂന്ന് തരത്തിലുള്ള ഒഴിവുകളാണ് ഉള്ളത്. രണ്ട് വകുപ്പുകളിൽ നിന്നുള്ള തസ്തികമാറ്റം വഴിയും അതിന് ശേഷം നേരിട്ടുള്ള നിയമനവും ആണ് ഇതിൽ ഉൾപ്പെടുന്നത്.
ഈ നിയമനങ്ങളിലെല്ലാം പ്രതീക്ഷിത ഒഴിവുകളാണ് ഉള്ളത്. തസ്തിക മാറ്റം വഴി ആവശ്യമായ ഉദ്യോഗാർത്ഥികൾ ഇല്ലാത്ത പക്ഷം നേരിട്ടുള്ള നിയമനത്തിലൂടെയായിരിക്കും ഈ ഒഴിവുകൾ നികത്തുക.

റാങ്ക് ലിസ്റ്റിന്റെ പരമാവധി കാലാവധി മൂന്ന് വർഷമാണ്. ഈ കാലയളവിൽ വരുന്ന ഒഴിവുകളിൽ ഇതിൽ നിന്നായിരിക്കും നിയമനം നടത്തുക.

താൽപ്പര്യമുള്ള യോഗ്യതയുള്ളവർ പിഎസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.
നേരിട്ടുള്ള നിയമനം
തസ്തികയുടെ പേര് : അസ്സിസ്റ്റന്റ് ഡയറക്ടർ ഓഫ് നാഷണല്‍ സേവിങ്സ്
ശമ്പളം:55200-115300 രൂപ
പ്രായ പരിധി: 18-36. ഉദ്യോഗാർത്ഥികൾ 02.01.1989-നും 01.01.2007-നും ഇടയില്‍ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പടെ) പട്ടികജാതി,പട്ടികവർഗ്ഗം, മറ്റ് പിന്നാക്കവിഭാഗം എന്നിവർക്ക് നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും.
യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം
തസ്തിക മാറ്റം വഴിയുള്ള നിയമനത്തിന് ആർക്കൊക്കെ അപേക്ഷിക്കാം
ഗ്രാമവികസന വകുപ്പ്, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിൽ നിർദ്ദിഷ്ട തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് മാത്രമേ തസ്തികമാറ്റം വഴി ഈ ജോലിക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.
✅ഗ്രാമ വികസന വകുപ്പിലെ ജനറല്‍ എക്സ്റ്റൻഷൻ ഓഫീസേഴ്സ് , എക്സ്റ്റൻഷൻ ഓഫീസേഴ്സ് (ഹൗസിങ് / ഐആർഡി)
✅ സെക്രട്ടേറിയറ്റ് സബോർഡിേനറ്റ് സർവീസിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ / സീനിയർ ഗ്രേഡ് അസിസ്റ്റന്റ് എന്നിവർക്ക് അപേക്ഷിക്കാം.
തസ്തികമാറ്റം വഴി അപേക്ഷിക്കുന്നവർ തങ്ങളുടെ വകുപ്പ് മേധാവിയിൽ നിന്നും വാങ്ങിയ സർവീസ് സർട്ടിഫിക്കറ്റ് പിഎസ് സിയിലെ അവരവരുടെ ഉദ്യോഗാർത്ഥി പ്രൊഫൈലിൽ അപ് ലോഡ് ചെയ്യേണ്ടതും പി എസ് സി ആവശ്യപ്പെടുമ്പോൾ അസ്സൽ ഹാജരാക്കേണ്ടതുമാണ്. ഇതിന്റെ മാതൃക പി എസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി നാല് (04-02-2026) ബുധനാഴ്ച രാത്രി 12 മണിവരെ.
