ചെന്നൈ: തമിഴ്നാട്ടിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കെ പ്രതികരണവുമായി ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ഹിന്ദി അടിച്ചേൽപ്പിക്കുന്നത് പ്രാദേശികമായ മാതൃഭാഷകളെ ഇല്ലാതാക്കുമെന്നാണ് ഉദയനിധി പറഞ്ഞത്. ചെന്നൈയിൽ നടന്ന ഭാഷാ രക്തസാക്ഷി ദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദി അടിച്ചേൽപ്പിക്കുന്നത് രാജ്യമെമ്പാടുമുള്ള പ്രാദേശിക മാതൃഭാഷകളെ ബാധിക്കുമെന്നും അവയെ ഇല്ലാതാക്കുന്നതാണ് ഈ നീക്കമെന്നും ഉദയനിധി പറഞ്ഞു. ഹിന്ദി അടിച്ചേൽപ്പിക്കലിലൂടെ നിരവധി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പ്രാദേശിക ഭാഷകൾ അപ്രത്യക്ഷമായി. ഹരിയാൻവി, ഭോജ്പുരി, ബിഹാറി, ഛത്തീസ്ഗഢി എന്നിവ അതിന് ഉദാഹരണമാണെന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദിയുടെ ആധിപത്യം പ്രാദേശിക സ്വത്വത്തെയും സാംസ്കാരിക പൈതൃകത്തെയും എങ്ങനെ ഇല്ലാതാക്കുമെന്ന് ഈ ഭാഷകൾ അപ്രത്യക്ഷമായതിലൂടെ മനസിലാകും. പ്രാദേശിക ഭാഷകളെ ഹിന്ദി വിഴുങ്ങുമെന്നും ഉദയനിധി ആരോപിച്ചു.
കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ‘ത്രിഭാഷാ നയം’ ഹിന്ദി അടിച്ചേൽപിക്കാനുള്ള തന്ത്രമാണെന്നും ഉദയനിധി ആരോപിച്ചു. ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ചവർക്ക് ആദരമർപ്പിച്ച ഉദയനിധി, ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരായ ഡിഎംകെയുടെ നിലപാട് ആവർത്തിച്ചു.
തമിഴ്നാട്ടിൽ ഹിന്ദിക്ക് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മുൻകാലങ്ങളിലോ ഇന്നോ ഇനി വരാനിരിക്കുന്ന കാലത്തോ ഹിന്ദി അടിച്ചേൽപിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ സ്റ്റാലിൻ ഭാഷാ സമരത്തിന്റെ പേരിൽ ഇനി ഒരു ജീവൻ പോലും നഷ്ടപ്പെടാൻ അനുവദിക്കില്ലെന്നും പറഞ്ഞിരുന്നു.

നേരത്തെയും ബിജെപിയുടെ ത്രിഭാഷ നയത്തിനെതിരെ ഡിഎംകെ രംഗത്തെത്തിയിരുന്നു. ത്രിഭാഷ നയത്തിലൂടെ ഹിന്ദിയും സംസ്കൃതവും തമിഴരില്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്നായിരുന്നു ഡിഎംകെ ആരോപണം. തമിഴനാട്ടിലെ ‘ഹിന്ദി തെരിയാത് പോടാ’ എന്ന ക്യാംപെയ്നും ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു.

