ഗാന്ധിനഗർ: കുറഞ്ഞ ചെലവിൽ മെഡിക്കൽ ബിരുദം വാഗ്ദാനം ചെയ്ത് പണം തട്ടിയ വ്യാജ ഡോക്ടർമാർ പിടിയിൽ. 14 അംഗ സംഘമാണ് പൊലീസിന്റെ പ്രത്യേക അന്വേഷണത്തിൽ പിടിയിലായത്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. എട്ടാം ക്ലാസ് യോഗ്യതയുളളവർക്കുപോലും 70,000 രൂപ നൽകിയാൽ മെഡിക്കൽ ബിരുദ സർട്ടിഫിക്കറ്റ് നൽകാമെന്നായിരുന്നു പ്രതികളുടെ വാഗ്ദാനം.
തട്ടിപ്പുസംഘത്തിൽ നിന്നും 12,000 വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സംഘത്തിലെ പ്രധാനിയായ രമേഷ് ഗുജറാത്തിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ബോർഡ് ഒഫ് ഇലക്ട്രോ ഹോമിയോപ്പതിക് മെഡിസിന്റെ (ബിഇഎച്ച്എം) പേരിലുളള വ്യാജ സർട്ടിഫിക്കറ്റുകളാണ് പ്രതികൾ വാഗ്ദാനം ചെയ്തിരുന്നത്.
വ്യാജ ഡോക്ടർ ബിരുദമുളള മൂന്ന് പേർ ആലോപ്പതി പ്രാക്ടീസ് നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് റവന്യൂ വകുപ്പും പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് കളളം പുറത്തായത്. വ്യാജ ഡോക്ടർമാരെ ചോദ്യം ചെയ്തതിൽ നിന്നാണ് ബിഇഎച്ച്എം നൽകിയ ബിരുദ സർട്ടിഫിക്കറ്റുകൾ കാണിച്ചത്. ഗുജറാത്ത് സർക്കാർ ഇത്തരം സർട്ടിഫിക്കറ്റുകൾ നൽകുന്നില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
പ്രതികളുടെ തട്ടിപ്പുരീതിയെക്കുറിച്ചും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ വെബ്സൈറ്റുകൾ രൂപീകരിച്ചായിരുന്നു പ്രതികൾ കബളിപ്പിച്ചിരുന്നത്. മുഖ്യ പ്രതിക്ക് ഇലക്ട്രോ ഹോമിയോപ്പതി കോഴ്സുമായി യാതൊരു ബന്ധവുമില്ലെന്ന് പൊലീസ് അറിയിച്ചു. ആദ്യഘട്ടത്തിൽ പ്രതി അഞ്ച് പേരെ ഈ കോഴ്സിൽ ചേർക്കുകയും മൂന്ന് വർഷത്തിനുളളിൽ കോഴ്സ് പൂർത്തിയാക്കുകയും ഇലക്ട്രോ ഹോമിയോപ്പതി മരുന്നുകൾ എങ്ങനെ നൽകാമെന്ന് പരിശീലിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഇതായിരുന്നു സാധാരണയായി നടത്തിയിരുന്നു.
ഇതിനിടയിൽ ഇല്ക്ട്രോ ഹോമിയോപ്പതിയിൽ ആളുകൾക്ക് വിശ്വാസമില്ലെന്ന് മനസിലായതോടെ ഗുജറാത്തിലെ ആയുഷ് മന്ത്രാലയം നൽകുന്ന സർട്ടിഫിക്കറ്റുകളും നൽകാൻ തുടങ്ങി. 70,000 രൂപ നൽകിയാൽ ബിരുദം സ്വന്തമാക്കാമെന്നായിരുന്നു സംഘത്തിന്റെ വാഗ്ദാനം. ഇങ്ങനെ ലഭിക്കുന്ന സർട്ടിഫിക്കറ്റുപയോഗിച്ച് ഹോമിയോപ്പതിയിലും അലോപ്പതിയിലും ചികിത്സ നടത്താമെന്നും വാഗ്ദാനം ചെയ്തു. പണം നൽകി 15 ദിവസം കഴിഞ്ഞാലുടൻ ഇവർ സർട്ടിഫിക്കറ്റുകൾ നൽകും. ശേഷം ഒരു വർഷം കൂടുമ്പോൾ ബിരുദദാരികൾ 5000 മുതൽ 15,000 രൂപ വരെ അടച്ച് സർട്ടിഫിക്കറ്റുകൾ പുതുക്കണമെന്നും പ്രതികൾ നിർദ്ദേശിച്ചു. സർട്ടിഫിക്കറ്റുകൾ പുതുക്കാൻ തയ്യാറാകാത്തവരെ സംഘം ഭീഷണിപ്പെടുത്തി പണം തട്ടിയതായും പൊലീസ് കണ്ടെത്തി.