സംവിധായകൻ ക്രിസ്റ്റോ ടോമിക്കും ഉള്ളൊഴുക്ക് എന്ന ചിത്രത്തിനും ലഭിച്ച അംഗീകാരത്തിൽ സന്തോഷമെന്ന് നടി ഉർവശി. രണ്ട് മികച്ച നടികൾക്ക് അവാർഡ് പങ്കുവെയ്ക്കാമെന്നിരിക്കെ എങ്ങനെ സഹനടിയാകും എന്ന ചോദ്യമാണ് പ്രിയപ്പെട്ടവർ ചോദിക്കുക. അവാർഡ് പ്രതീക്ഷിച്ച് അഭിനയിച്ചിട്ടില്ല എന്നും അവാർഡ് ജേതാവായതിന് പിന്നാലെ ഉർവശി പ്രതികരിച്ചു.
‘സന്തോഷം, നിങ്ങളെപ്പോലെ ഞാനും സന്തോഷിക്കുന്നു. ക്രിസ്റ്റോ ടോമിക്കും ഉള്ളൊഴുക്ക് എന്ന ചിത്രത്തിനും ലഭിച്ച അംഗീകാരത്തിൽ സന്തോഷം. അതിലേറെ സന്തോഷമുണ്ട്, വൈകിയാണെങ്കിലും വിജയരാഘവന് അവാർഡ് ലഭിച്ചതിൽ. സിനിമയ്ക്ക് ദേശീയ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ക്രിസ്റ്റോ ടോമിക്ക് മികച്ച നവാഗതനായ സംവിധായകനുള്ള പുരസ്കാരം ലഭിക്കുമെന്നും പ്രതീക്ഷിച്ചു.

രണ്ട് മികച്ച നടികൾക്ക് അവാർഡ് പങ്കുവെയ്ക്കാമെന്നിരിക്കെ എങ്ങനെ സഹനടിയാകും എന്ന ചോദ്യമാണ് പ്രിയപ്പെട്ടവർ ചോദിക്കുക. ഒന്നും പ്രതീക്ഷിക്കാതെ ലഭിച്ച സിനിമയ്ക്ക് കിട്ടുന്ന പുരസ്കാരങ്ങളേതായാലും അത് സന്തോഷമാണ്. അച്ഛുവിന്റെ അമ്മ എന്ന ചിത്രത്തിന് മികച്ച സഹനടിക്കുള്ള അവാർഡ് സ്വീകരിച്ചപ്പോൾ അന്തരിച്ച നടി സരോജാ ദേവി അമ്മ എനിക്ക് വേണ്ടി വാദിച്ചിരുന്നു. അത് സഹകഥാപാത്രമല്ല എന്ന് ഒരുപാട് അവർ വാദിച്ചിരുന്നു. അതുപോലെ, പല പ്രാവിശ്യവും ഉണ്ടായിട്ടുണ്ട്. ഇതേ രാഷ്ട്രീയമാണ് അന്നും ആ ലോബിയിൽ ഉണ്ടായത്. നമുക്ക് വേണ്ടി സംസാരിക്കാൻ അവിടെ ആളുണ്ടായാലും ആ ലോബി തന്നെ വിജയിക്കുമെന്ന അവസ്ഥയാണ്.
എന്നെ സംബന്ധിച്ച് ആരെയും ക്യാൻവാസ് ചെയ്യാനോ അവാർഡ് പ്രതീക്ഷിച്ച് അഭിനയിക്കാനോ ശ്രമിച്ചിട്ടില്ല. ഓടുന്ന സിനിമയാകണം എന്റേത് എന്ന് മാത്രമാണ് ആഗ്രഹിച്ചത്’, ഉർവശി പറഞ്ഞു.
71-ാം ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ഉർവശി മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.
