ഒരു ഇടവേളക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനായി മമ്മൂട്ടി ഹൈദരബാദിലേക്ക് പുറപ്പെട്ടു.

ചെന്നൈ വിമാനത്താവളത്തിൽ നിന്നാണ് മമ്മൂട്ടി ഹൈദരബാദിലേക്ക് പുറപ്പെട്ടത്. ചെന്നൈ വിമാനത്താവളത്തിൽ നിന്ന് മമ്മൂട്ടി പുറപ്പെടുന്നതിന്റെ വീഡിയോ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
സ്വന്തമായി കാറോടിച്ചാണ് മമ്മൂട്ടി എയർപോർട്ടിലെത്തിയത്. എന്നാൽ മാധ്യമങ്ങളോട് മമ്മൂട്ടി ഒന്നും പ്രതികരിച്ചില്ല. ഭാര്യ സുലുവും നിർമാതാവ് ആന്റോ ജോസഫും മമ്മൂട്ടിയ്ക്കൊപ്പം വിമാനത്താവളത്തിലെത്തിയിരുന്നു. ഏഴ് മാസത്തെ വിശ്രമത്തിന് ശേഷമാണ് മഹേഷ് നാരായണന്റെ പാട്രിയറ്റിന്റെ സെറ്റിലേക്ക് മമ്മൂട്ടിയെത്തുന്നത്.

45 ദിവസം പാട്രിയറ്റിൽ അഭിനയിച്ചു കഴിഞ്ഞാണ് മമ്മൂട്ടി ചികിത്സയ്ക്കായി പോയത്. 45 ദിവസത്തെ ഷെഡ്യൂളാണ് സിനിമയ്ക്ക് ഇനിയുള്ളത്. ഒക്ടോബർ ഒന്നിനാണ് ചിത്രീകരണം തുടങ്ങുക.”ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യാൻ പോകുന്നു. എന്റെ അഭാവത്തിൽ എന്നെ അന്വേഷിച്ചവരോട് നന്ദി പറയാൻ വാക്കുകൾ പോരാ. ദ് കാമറ ഈസ് കോളിങ്”- മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.

